‘ആരും കൊതിച്ചു പോകും.. സത്യമായിട്ടും.!’
കേള്‍ക്കുമ്പോള്‍ ഒരു സിനിമ ഡയലോഗുപോലെ തോന്നാം. എന്നാല്‍ ഇതൊരു പരസ്യ വാചകമാണ്. തുടരും സിനിമയ്ക്ക് ശേഷം ചിത്രത്തിലെ നായകനും വില്ലനും ഒരുമിച്ച പരസ്യ ചിത്രമാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ട്രെന്‍ഡിങ് വിഷയങ്ങളിലൊന്ന്.
ജ്വല്ലറി രംഗത്തെ പുത്തന്‍ രാജ്യാന്തര ശൃംഖല വിസ്‌മേര ജുവല്‍സിന്റെ പരസ്യത്തിലാണ് മോഹന്‍ലാലും പ്രകാശ് വര്‍മയും വീണ്ടും ഒന്നിച്ച് ഒരു തകര്‍പ്പന്‍ ഹിറ്റ് കാഴ്ചക്കാര്‍ക്കായി സമ്മാനിച്ചത്. പരമ്പരാഗത സ്വര്‍ണ പരസ്യ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ അവതരണമാണ് ഇതിന്റെ പ്രത്യേകത എന്ന് എടുത്തു പറയേണ്ടതുണ്ട്. സാധാരണ സ്വര്‍ണ പരസ്യങ്ങളില്‍ സ്ത്രീ ശരീരങ്ങളും സ്ത്രീകളുടെ സ്വര്‍ണാഭിനിവേശങ്ങളും വിഷയമാകുമ്പോള്‍ ഇവിടെ അതെല്ലാം തിരുത്തപ്പെടുന്നു.
ഏതൊരു പുരുഷന്റെ ഉള്ളിലും ഒരു സ്ത്രീയുണ്ടെന്ന ചിന്തയെ മനോഹരമായി അവതരിപ്പിക്കുകയാണ് പരസ്യചിത്ര സംവിധായകന്‍ കൂടെയായ പ്രകാശ് വര്‍മ ഇവിടെ. ആഭരണത്തോടുള്ള ആകര്‍ഷണവും അണിഞ്ഞൊരുങ്ങി നടക്കാനുള്ള ത്വരയും ഒരു ജന്‍ഡറിലുള്ളവരുടെ മാത്രം കുത്തകയല്ലെന്ന ചിന്തയും ഈ പരസ്യ ചിത്രത്തിന്റെ മനോഹാരിത കൂട്ടുന്നു. വിസ്‌മേര ജുവല്‍സിന്റെ ബ്രാന്‍ഡ് അംബാസറാണ് മോഹന്‍ലാല്‍. ഓഗസ്റ്റ് 17 ചിങ്ങം ഒന്നിന് കോഴിക്കോട് വിസ്‌മേര ജുവല്‍സ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും.