Dr. ആയി കിട്ടാൻ എന്താ വഴി?
ഒറ്റബുദ്ധിക്ക് പറയും എം.ബി.ബി.എസ് പഠിച്ച് പാസ്സാവണമെന്ന്. അപ്പോൾ ആയുർവേദവും യുനാനിയും ഹോമിയോപ്പതിയും പഠിച്ചാലോ? ദന്തരോഗം പഠിച്ചാലോ? ഫിസിയോ തെറാപ്പി പഠിച്ചാല്ലേ? അല്ലേൽ ഫാംഡി ആയാലോ? ഒരു പി.എച്ച് ഡി തട്ടിക്കുട്ടിയാലോ? ഇവരെല്ലാവരും ചേർന്ന് നാട്ടുകാരെ കൺഫ്യൂസ് ആക്കും .പ്രത്യേകിച്ച് അക്ഷരാഭ്യാസം കുറഞ്ഞവരെ .
എന്താവാം ഇതിൻ്റെയൊരു നിയമവശം ?
ഇപ്പറഞ്ഞവർക്കൊക്കെ Dr. ബോർഡ് വെക്കാമോ?
നാഷണൽ മെഡിക്കൽ കമ്മീഷനാണ് ഇക്കാര്യം പറയേണ്ട സ്റ്റാറ്റ്യൂട്ടറി സംവിധാനം . വിവിധ വർഷങ്ങളിലായി മെഡിക്കൽ കമ്മീഷൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. നാഷണൽ മെഡിക്കൽ കമ്മീഷൻ ആക്ട് 2019 ന് കീഴിൽ രജിസ്റ്റർ ചെയ്ത രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർമാർക്ക് മാത്രമേ പേരിനോട് ചേർത്ത് Dr ബോർഡ് വെക്കാനാവു. 2022 ലും കമ്മിഷൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിലോ സ്റ്റേറ്റ് മെഡിക്കൽ കൗൺസിലുകളിലോ രജിസ്റ്റർ ചെയ്ത എം.ബി.ബി എസ് ഡോക്ടർമാരെയാണ് ആർ.എം.പി എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1952 ലെ ഇന്ത്യൻമെഡിക്കൽ കൗൺസിൽ ആക്ടും ഇതു തന്നെ പറയുന്നു. 1996 ൽ സുപ്രീം കോടതിയും വ്യക്തമാക്കി . എം.ബി.ബി.എസുകാർക്കേ Dr വിശേഷണം ചേർക്കാനാവു. എന്നാൽ പല്ല്, മൃഗഡോക്ടർമാരും ഫിസിയോതെറാപ്പിസ്റ്റുകളും ആയുഷ് വൈദ്യരും ഫാർമിസിസ്റ്റുകളുമെല്ലാം ഒറ്റക്കെട്ടാണ് .ഡോക്ടർ പദവി വേണമെന്ന കാര്യത്തിൽ . എന്തിനാണെന്ന് ചോദിച്ചാൽ അന്തസ്സിനും ആഭിജാത്യത്തിനുമാണെന്നും പറയും.
പഠിച്ച വിഷയത്തിന് അന്തസ് പോരാന്നുണ്ടോ?
.