Saturday , August 2 2025, 8:53 pm

പ്രൊഫ. എം.കെ സാനു അന്തരിച്ചു

കൊച്ചി: എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനു (99) അന്തരിച്ചു. വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വൈകീട്ട് 5.35നായിരുന്നു അന്ത്യം. എഴുത്തുകാരന്‍, അധ്യാപകന്‍, ചിന്തകന്‍, ജനപ്രതിനിധി എന്നീ നിലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ച സാനു മാഷിന് വലിയൊരു ശിഷ്യ സമ്പത്തുണ്ട്.

1928 ഒക്ടോബര്‍ 27നു ആലപ്പുഴയിലെ തുമ്പോളിയില്‍
എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ മലയാളത്തില്‍ എം.എ.ബിരുദം നേടി. നാല് വര്‍ഷത്തോളം സ്‌കൂള്‍ അധ്യാപനായി സേവനം അനുഷ്ഠിച്ചു. പിന്നീട് വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ അധ്യാപകനായി ജോലി ചെയ്തു. 1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ല്‍ അധ്യാപനത്തില്‍ നിന്ന് വിരമിച്ചു.1986ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി 1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.

വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി എണ്‍പതിലേറെ പുസ്തകങ്ങള്‍ രചിച്ച അദ്ദേഹത്തിന് എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെയുള്ള അംഗീകാരങ്ങളും ലഭിച്ചു. ഭാര്യ: പരേതയായ എന്‍.രത്നമ്മ. മക്കള്‍: എം.എസ്.രഞ്ജിത് (റിട്ട.ഡപ്യൂട്ടി ചീഫ് മെക്കാനിക്കല്‍ എന്‍ജിനീയര്‍), എം.എസ് രേഖ, ഡോ.എം.എസ് ഗീത (സെന്റ് പോള്‍സ് കോളജ്, കളമശ്ശേരി), എം.എസ് സീത (സാമൂഹിക ക്ഷേമവകുപ്പ് റിട്ട. ഉദ്യോഗസ്ഥ), എം.എസ് ഹാരിസ് (ദുബായ്).

Comments