Saturday , October 4 2025, 5:16 am

കേരള സര്‍ക്കാര്‍ കരാര്‍ ലംഘിച്ചു; മെസിയും സംഘവും ഈ വര്‍ഷം കേരളത്തിലെത്തില്ല- അര്‍ജന്റീന ഫുട്‌ബോള്‍ പ്രതിനിധി

തിരുവനന്തപുരം: ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുള്‍ബോള്‍ സംഘത്തിന്റെ കേരള സന്ദര്‍ശനം പരാജയപ്പെടാന്‍ കാരണം കേരള സര്‍ക്കാരെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) പ്രതിനിധി. കേരള സര്‍ക്കാര്‍ കരാര്‍ ലംഘനം നടത്തിയെന്ന് എഎഫ്എ മാര്‍ക്കറ്റിങ് വിഭാഗം മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ ആണ് വ്യക്തമാക്കിയത്. ഈ വര്‍ഷം സൗഹൃദ മത്സരങ്ങള്‍ക്കായി അര്‍ജന്റീന ടീം കേരളത്തില്‍ എത്തില്ലെന്നും പീറ്റേഴ്‌സണ്‍ വ്യക്തമാക്കിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഈ വര്‍ഷം ഒക്ടോബറില്‍ കേരളത്തില്‍ കളിക്കാനായി ടീം എത്തുമെന്നായിരുന്നു നേരത്തേ കായിക മന്ത്രി വി.അബ്ദു റഹിമാന്‍ പറഞ്ഞിരുന്നത്. അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതിനായി മന്ത്രിയും ഉദ്യോഗസ്ഥരും സ്‌പെയിനിലെത്തി ഏജന്റുമാരുമായി ചര്‍ച്ചയും നടത്തി. ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ വഴി ഇതിനു ശ്രമിക്കുന്നതിനു പകരം സ്വകാര്യ ഏജന്‍സി വഴിയായിരുന്നു സര്‍ക്കാരിന്റെ നീക്കം. ടീമിനെ കേരളത്തിലെത്തിക്കുന്നതിന് ഭാരിച്ച തുകയാകുമെന്നതിനാല്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി സംസാരിക്കാന്‍ കേരളം ദേശീയ ഫുട്‌ബോള്‍ ഫെഡറേഷനെ സമീപിച്ചിരുന്നു. എന്നാല്‍ ഫീസ് നിശ്ചയിച്ചു കഴിഞ്ഞതിനാല്‍ കൂടുതല്‍ ഇടപെടല്‍ സാധ്യമല്ലെന്ന് ഫെഡറേഷന്‍ അറിയിക്കുകയായിരുന്നു. ഇതോടെ സ്വകാര്യ ഏജന്‍സിയുടെ ഫീസ് ഉള്‍പ്പെടെ ഭാരിച്ച സാമ്പത്തിക ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരില്‍ വന്നു ചേര്‍ന്നു.

അര്‍ജന്റീനയുടെ രണ്ട് മത്സരങ്ങള്‍ക്കായി 130 കോടി രൂപ ഫീസായി അടച്ചിട്ടുണ്ടെന്നാണ് സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി പറയുന്നത്.

Comments