Thursday , June 26 2025, 6:57 pm

നടപ്പാതവേലിയിലെ പൂച്ചെടി വില്ലനാകുന്നു; മീനങ്ങാടിയില്‍ ഒരു കുട്ടിയുടെ മുഖത്ത് ഗുരുതര പരുക്കേറ്റു

മീനങ്ങാടി: നടപ്പാത വേലിയില്‍ അലങ്കാരത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന പൂച്ചെടികള്‍ കാല്‍നട യാത്രക്കാര്‍ക്ക് അപകടക്കെണിയാകുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് മീനങ്ങാടിയില്‍ പൂച്ചെടിയോടനുബന്ധിച്ചുള്ള ഇരുമ്പ് ബാറിയില്‍ തട്ടി ഒരു കുട്ടിയുടെ മുഖം മുറിഞ്ഞു. നാല് തുന്നല്‍ ഇടേണ്ടി വന്നുവെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിച്ച സൂചന. മീനങ്ങാടി പുഴങ്കുനി സ്വദേശിയായ ആണ്‍കുട്ടിക്കാണ് പരിക്കുപറ്റിയത്. തുടര്‍ന്ന് കുട്ടിയെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ആശുപത്രിയില്‍ എത്തി. കുട്ടി ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. നടപ്പാതയിലെ വേലിയോടനുബന്ധിച്ചുള്ള കമ്പികളില്‍ തട്ടി വസ്ത്രങ്ങള്‍ കീറിയ സംഭവം നിരവധിപേര്‍ക്ക് ഉണ്ടായിട്ടുണ്ട്. നടപ്പാത വേലിയിലെ അപകട സാധ്യത ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം കൊടുത്തതായി പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ബേബി വര്‍ഗീസ് പറഞ്ഞു.

 

Comments