Saturday , October 4 2025, 5:12 am

ഡോ.ഹാരിസിന്റെ മുറിയില്‍ ആരോ കടന്നതായി സംശയം; കാണാതായ ഉപകരണം പിന്നീട് ഡോക്ടറുടെ മുറിയില്‍ നിന്ന് കണ്ടെത്തി: മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം തലവന്‍ ഡോ.ഹാരിസ് ചിറക്കലിന്റെ മുറിയില്‍ അനുവാദമില്ലാതെ ആരോ കയറിയതായി സംശയമുണ്ടെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. ഇത് സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ഡോക്ടറുടെ മുറി അന്വേഷണത്തിന്റെ ഭാഗമായി അധികൃതര്‍ 3 തവണ പരിശോധിച്ചിരുന്നെന്നും ഡോ.പി.കെ ജബ്ബാര്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളജ് സൂപ്രണ്ടും പ്രിന്‍സിപ്പലും ചേര്‍ന്നാണ് മുറി പരിശോധിച്ചിരുന്നത്.

ആശുപത്രിയില്‍ നിന്നും കാണാതായെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞ ഉപകരണം റൂമില്‍ കൊണ്ടുവച്ചെന്നാണ് സംശയം. ആദ്യ പരിശോധനയില്‍ കാണാത്ത പെട്ടി പിന്നീട് കണ്ടെത്തുകയായിരുന്നു. മിനിയാന്ന് (ബുധനാഴ്ച) നടത്തിയ പരിശോധനയില്‍ ഉപകരണം താന്‍ കണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ‘അപ്പോള്‍ അവിടെ ഒരു മിഷീന്‍ ഉണ്ടായിരുന്നു. അതില്‍ മോസിലോസ്‌കോപ്പ് എന്നെഴിതിയിട്ടുണ്ട്’ എന്നായിരുന്നു പ്രിന്‍സിപ്പല്‍ പറഞ്ഞത്. മോസിലോസ്‌കോപ്പ് എന്ന ഉപകരണമാണ് കാണാതായിരുന്നത്. ഉപകരണം കാണാനില്ലെന്ന് ഡോ.ഹാരിസ് തന്നെയാണ് അന്വേഷണ സമിതിയോട് പറഞ്ഞത്. ഇതിപ്പോള്‍ കണ്ടെത്തിയെന്നും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ ഉപകരണത്തിന്റെ ബില്‍ ആഗസ്റ്റ് 2ാം തിയ്യതിയിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഉപകരണം കാണാനില്ലെന്ന് അന്വേഷണ സമിതി എഴുതിത്തന്നിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.

എംപി ഫണ്ടില്‍ നിന്നും വാങ്ങിയ ഉപകരണമായതിനാല്‍ കലക്ടറേറ്റില്‍ നിന്നും അന്വേഷണം വന്നിരുന്നു. ഇതിന്റെ ഭാഗമായി ഉപകരണത്തിന്റെ ഫോട്ടോ എടുത്ത് കലക്ട്‌റേറ്റില്‍ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ ഭാഗം അന്ന് നല്‍കിയ ഫോട്ടോയില്‍ ഇല്ല. വേണമെങ്കില്‍ പരിശോധിക്കാമെന്നും അധികൃതര്‍ പറഞ്ഞു. ചിലപ്പോള്‍ അന്നിത് മാറി ഇരുന്നതാകാമെന്നും മറ്റു കാര്യങ്ങളൊന്നും അറിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

2024 ആഗസ്റ്റിലാണ് ഉപകരണം വാങ്ങിയത്. ഉപകരണങ്ങളുടെ കസ്റ്റോഡിയന്‍ എപ്പോഴും ഡിപാര്‍ട്ട്‌മെന്റ് മേധാവിയായിരിക്കും. ഉപകരണം വാങ്ങുമ്പോഴും കാണാതാകുമ്പോഴും കസ്‌റ്റോഡിയന്‍ ഡോ.ഹാരിസ് തന്നെയാണ്. ഡോക്ടറുടെ മുറിയുടെ താക്കോല്‍ ഡോ.ഹാരിസിന്റെയും ഇതേ ഡിപാര്‍ട്ട്‌മെന്റിലെ ഡോ. ടോണിയുടെ കയ്യില്‍ മാത്രമാണ് ഉള്ളത്. ഡോ.ടോണിയുടെ കയ്യില്‍ നിന്നും താക്കോല്‍ ആര്‍ക്കും നല്‍കിയിട്ടില്ല എന്ന മറുപടി ലഭിച്ചിട്ടുണ്ട്. അവര്‍ നല്‍കാതെ മറ്റാര്‍ക്കും താക്കോല്‍ ലഭിക്കില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രിന്‍സിപ്പല്‍ മറുപടി നല്‍കി. പോലീസില്‍ എന്തുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തില്ലെന്ന ചോദ്യത്തിന് തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് സര്‍ക്കാരിനാണെന്നായിരുന്നു ഡോക്ടറുടെ മറുപടി.

അതേസമയം തന്നെ മനപ്പൂര്‍വ്വം കുടുക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി ഡോ.ഹാരിസ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രിന്‍സിപ്പലിന്റെ വെളിപ്പെടുത്തല്‍. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎയുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഡോക്ടര്‍ ഹാരിസ് ചിറക്കല്‍ ഗുരുതര ആരോപണങ്ങളുന്നയിച്ചത്. കാണാതായെന്ന് പറഞ്ഞ ഉപകരണം അവിടെത്തന്നെയുണ്ടെന്ന് വിവിധ പരിശോധനകളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി ഔദ്യോഗിക രഹസ്യ രേഖകള്‍ തന്റെ ഓഫീസിലുണ്ട്. സ്റ്റോക്ക് പരിശോധനയുടേയും ഓഡിറ്റിങിന്റേയും സമയത്ത് വ്യക്തപരമായ ആക്രമണമാണ് നടത്തുന്നതെന്നും ഡോക്ടര്‍ ആരോപിച്ചിരുന്നു. തന്നെ കുടുക്കുന്നതിനു വേണ്ടി ഓഫീസില്‍ കൃത്രിമം കാണിക്കാനോ മറ്റെന്തെങ്കിലും ദുഷ്പ്രവൃത്തികള്‍ ചെയ്യാനുള്ള പദ്ധതിയാണിത്. തന്റെ മുറി മറ്റൊരു താഴിട്ട് പൂട്ടിയെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. നാലാം തിയ്യതി മുതല്‍ ഡോക്ടര്‍ അവധിയിലാണ്. ഡോക്ടറുടെ അസാന്നിധ്യത്തിലായിരുന്നു അധികൃതര്‍ രണ്ടുതവണ മുറി പരിശോധിച്ചത്.

Comments