Saturday , October 4 2025, 4:53 am

മലപ്പുറത്ത് വന്‍ ആയുധവേട്ട; വീട്ടില്‍ നിന്ന് കണ്ടെത്തിയത് 20 എയര്‍ ഗണ്ണും മൂന്ന് റൈഫിളും

മലപ്പുറം: എടവണ്ണയില്‍ വന്‍ ആയുധവേട്ട. രഹസ്യ വിവരത്തെ തുടര്‍ന്ന് ഉണ്ണിക്കമ്മദ് എന്ന വയോധികന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. 20 എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും വീട്ടില്‍ നിന്ന് കണ്ടെത്തി. കൂടാതെ 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്‌സും പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ വീട്ടുടമസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. ഉണ്ണിക്കമ്മദിന് ഒരു തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് ഉണ്ട്.

ആയുധങ്ങള്‍ അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച് വില്‍പന നടത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പിടിച്ചെടുത്ത മറ്റ് ആയുധങ്ങള്‍ക്കും എയര്‍ ഗണ്ണുകള്‍ക്കും വില്‍പന രേഖകളോ ലൈസന്‍സോ ഇല്ല. ആയുധങ്ങള്‍ ലഭിച്ചത് എവിടെ നിന്ന് എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്.

പാലക്കാട് കല്‍പ്പാത്തിയില്‍ വെടിയുണ്ടകള്‍ കൈവശം വെച്ചതിന് നാല് പേര്‍ പിടിയിലായിരുന്നു. മൃഗവേട്ടയ്ക്കായി മലപ്പുറം എടവണ്ണയില്‍ നിന്നുമാണ് തോക്കുകളും വെടിയുണ്ടകളും വാങ്ങിയതെന്നായിരുന്നു പ്രതികളുടെ മൊഴി. ഈ അന്വേഷണമാണ് ആയുധവേട്ടയിലേക്ക് നയിച്ചത്.

 

Comments