Tuesday , March 3 2026, 11:22 am

രക്തസാക്ഷി ഫണ്ട് തിരിമറി വെളിപ്പെടുത്തൽ; വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി

കണ്ണൂർ: രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം തലവേദനയായതോടെ ആരോപണം ഉന്നയിച്ച സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയം​ഗം വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.അച്ചടക്കനടപടി ചർച്ച ചെയ്യാൻ ചേർന്ന സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി യോഗത്തിലാണ് തീരുമാനം. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയ കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ സെക്രട്ടേറിയേറ്റ് ഇന്നലെ തീരുമാനിച്ചിരുന്നു. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷ വിമർശനമാണ് ജില്ലാകമ്മറ്റി യോ​ഗത്തിൽ ഉയർന്നത്. കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തിയതിൽ ഉൾപ്പെടെയുള്ള പാർട്ടി നിലപാടിൽ വിമർശനം ഉയർന്നു. കടുത്ത നടപടി നേരത്തെ എടുക്കേണ്ടിയിരുന്നു. വിഭാഗീയതയുടെ ഭാഗമായിരുന്ന കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മറ്റിയിൽ എടുത്തത് ശരിയായില്ലെന്നും അംഗങ്ങൾ.

പുറത്താക്കൽ തീരുമാനം ഏകകണ്ഠമായാണ് ജില്ലാ കമ്മിറ്റി അംഗീകരിച്ചതെന്ന് ജില്ലാ സെക്രട്ടറി കെ.കെ രാ​ഗേഷ്. പാർട്ടിക്കെതിരായി അജണ്ട സെറ്റ് ചെയ്തുള്ള അഭിമുഖമാണ് നടന്നത്. കൃത്യമായ സമയം കണക്കാക്കി ആണ് അഭിമുഖം നൽകിയത്. ഉന്നയിച്ച ആരോപണങ്ങൾ എല്ലാം പാർട്ടി അന്വേഷിച്ച് തീർപ്പ് കൽപ്പിച്ച കാര്യങ്ങളാണ്. 2022 ഏപ്രിൽ മാസം പാർട്ടി പരിഹാരം കണ്ട വിഷയത്തിന് ശേഷം കുഞ്ഞികൃഷ്ണൻ ജില്ലാ കമ്മറ്റി അംഗം വരെ ആയി. ജില്ലാ കമ്മിറ്റി അംഗമായ ശേഷം റൂറൽ ബാങ്കിൻ്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട് ടി.ഐ. മധുസൂദനനെ അധിക്ഷേപിക്കുകയാണ് കുഞ്ഞികൃഷ്ണൻ ചെയ്തത്. ബാങ്കിൻ്റെ ഭാരവാഹി അല്ലാത്ത മധുസൂദനനെ എന്തിനാണ് ക്രൂശിച്ചതെന്നും രാ​ഗേഷ്.

പാർട്ടി കമ്മിറ്റിയിൽ ഉന്നയിച്ച വിഷയങ്ങൾ മാധ്യമങ്ങളിൽ ചർച്ചയാക്കി എന്ന് കണ്ടെത്തിയതിനെ തുടർന്ന് ശാസന നടപടി സ്വീകരിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷമായ വിമർശനം അന്ന് കുഞ്ഞികൃഷ്ണനെതിരെ ഉയർന്നു. വിഭാഗീയ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് അടിസ്ഥാന രഹിതമായ ആരോപങ്ങൾ ഉന്നയിച്ചത് എന്ന കമ്മീഷൻ കണ്ടെത്തൽ കുഞ്ഞികൃഷ്ണൻ അടക്കം അംഗീകരിച്ചു. കുഞ്ഞികൃഷ്ണൻ നടത്തിയ വാർത്താ ചോർച്ചയുടെ കൃത്യമായ രേഖ പാർട്ടിക്കുണ്ട്. കുഞ്ഞികൃഷ്ണൻ പരസ്യമാക്കിയ സാഹചര്യത്തിലാണ് ഇക്കാര്യങ്ങൾ പാർട്ടി പുറത്ത് പറയുന്നത്. വാർത്ത ചോർത്തുന്നതിൽ മാധ്യമങ്ങളോട് കുറ്റസമ്മതം നടത്തി. ചോർത്തിയപ്പോൾ തന്നെ കുഞ്ഞികൃഷ്ണൻ കമ്മ്യൂണിസ്റ്റ് അല്ലാതായി മാറി. ശാസനക്ക് ശേഷം ആറു മാസത്തോളമായി പാർട്ടി പരിപാടികളാൽ പങ്കെടുക്കാറില്ല. മധുസൂദനനോടുള്ള പക കാരണമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലെന്നും രാഗേഷ്.

Comments