Saturday , October 4 2025, 10:23 am

മരിയനാട് ഭൂമിയില്‍ റവന്യൂ ഉദ്യോഗസ്ഥരെ ആദിവാസി കുടുംബങ്ങള്‍ തടഞ്ഞു

ഇരുളം: മരിയനാട് റവന്യു ഭൂമി അളക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ കുടില്‍കെട്ടി താമസിക്കുന്ന കുടുംബങ്ങള്‍ തടഞ്ഞു. സ്ഥലത്തെത്തിയ ജില്ല സര്‍വേയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലം അളക്കുന്നത് നിര്‍ത്തിവെച്ചു.

മൂന്നര വര്‍ഷമായി ഭൂമിയില്‍ കുടില്‍കെട്ടി താമസമാരംഭിച്ച കുടുംബങ്ങള്‍ക്ക് സ്ഥലം നല്‍കാതെ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 15 പേര്‍ക്ക് മാത്രം ഭൂമി നല്‍കുന്നതിന് വേണ്ടി ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനായി എത്തിയ ഉദ്യോഗസ്ഥരെയാണ് ഇരുളം -മരിയനാട് സമരസമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞത്. സമര കേന്ദ്രത്തിലുള്ള മുഴുവന്‍ ആളുകള്‍ക്കും ഭൂമി നല്‍കുക, മരിയനാടുള്ള മുഴുവന്‍ ഭൂമിയും അളന്ന് തിട്ടപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് 15 പേര്‍ക്ക് ഭൂമി നല്‍കാന്‍ കോടതി ഉത്തരവുണ്ടായിരുന്നു. ഇതനുസരിച്ച് മരിയനാട് ഇവര്‍ക്ക് ഭൂമി അളന്ന് കൊടുക്കുന്നതിനായി റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മാസവും ഇവിടെ എത്തിയിരുന്നെങ്കിലും കുടില്‍ കെട്ടി കഴിയുന്ന കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാതെ മറ്റുള്ളവര്‍ക്ക് നല്‍കാന്‍ അനുവദിക്കുകയില്ലെന്ന് സമരക്കാര്‍ പറഞ്ഞതോടെ പിന്‍വാങ്ങുകയായിരുന്നു.

തിങ്കളാഴ്ച വീണ്ടും പൊലീസ് സഹായത്തോടുകൂടിയാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. കുടില്‍കെട്ടി താമസിക്കുന്ന ഭൂമി അളക്കാന്‍ അനുവദിക്കുകയില്ലെന്ന് സമരക്കാര്‍ ശഠിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങിയത്. കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ കീഴിലുണ്ടായിരുന്നതാണ് മരിയനാട് ഭുമി. ഇതിലാണ് ഭൂരഹിതരായ ആയിരത്തില്‍പ്പരം ഗോത്രവാസികള്‍ കുടില്‍കെട്ടി താമസം ആരംഭിച്ചത്. 233 ഹെക്ടറോളം വ്യാപിച്ചുകിടക്കുന്ന മരിയനാട്ടെ മൊത്തം ഭൂമി കൃത്യമായി അളന്ന് തിട്ടപ്പെടുത്തിയശേഷം എല്ലാവര്‍ക്കുമായി നല്‍കണമെന്നാണ് സമരസമിതിയുടെ ആവശ്യം.

 

Comments