കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നാണ് അനൂസ് റോഷനെ കണ്ടെത്തിയത്. കാണാതായി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാളെ കണ്ടെത്തിയിരിക്കുന്നത്. കൊണ്ടോട്ടിയില്‍ നിന്ന് ടാക്‌സിയിലാണ് എത്തിയതെന്ന് അനൂസ് റോഷന്‍ പൊലീസിന് മൊഴി നല്‍കി.
അനൂസ് റോഷനുമായി തട്ടിക്കൊണ്ടുപോയ സംഘം മൈസൂരുവിലേക്ക് കടന്നെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൈസൂരുവില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ രാത്രി മൈസൂരുവില്‍ എത്തിയ സംഘം പുലര്‍ച്ചയോടെ തിരിച്ചെത്തിയെന്നാണ് പൊലീസ് നിഗമനം.
ശേഷം അനൂസ് റോഷനെ മറ്റൊരു സ്ഥലത്ത് ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. യുവാവ് ടാക്‌സി വഴി കൊണ്ടോട്ടിയില്‍ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.