Saturday , October 4 2025, 3:25 am

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ സംസ്ഥാനത്ത് ഒരു മരണം കൂടി; രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഷാജിയുടെ മരണം. ഒരു മാസത്തിനിടെ ഇത് ആറാമത്തെ മരണമാണ്. ഗുരുതരമായ കരള്‍ രോഗം ബാധിച്ച വ്യക്തിയായിരുന്നു ഷാജി. ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയതായി മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഷാജിക്ക് രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഷാജി

നിലവില്‍ അസുഖം ബാധിച്ച് പത്തുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ട്. സമീപത്തെ ജില്ലകളിലുള്ളവരാണ് ചികിത്സയിലുള്ളത്. എന്നാല്‍ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കില്‍ ഈ വര്‍ഷം രണ്ടുപേര്‍ മാത്രമാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിട്ടുള്ളത്. 12പേരുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമാണെന്ന സംശയമാണെന്നാണ് അധികൃതര്‍ പറയുന്നത്. 18 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും 34 പേര്‍ക്ക് രോഗം സംശയിക്കുന്നുന്നുണ്ടെന്നും ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Comments