Saturday , October 4 2025, 12:46 am

ഭാര്യയുമായി അവിഹിതമെന്ന് സംശയം; യുവാവിന്റെ ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചും കെട്ടിത്തൂക്കിയും ക്രൂരപീഡനം; പത്തനംതിട്ടയില്‍ ദമ്പതികള്‍ അറസ്റ്റില്‍

പത്തനംതിട്ട: റാന്നി സ്വദേശിയായ യുവാവിനെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ പത്തനംതിട്ട കോയിപ്രം സ്വദേശികളായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശിയായ യുവാവിന്റെ പരാതിയില്‍ കോയിപ്രം സ്വദേശികളായ ജയേഷും ഭാര്യ രശ്മിയുമാണ് അറസ്റ്റിലായത്. തിരുവോണ ദിവസം ഭക്ഷണം കഴിക്കാനെന്ന വ്യാജേന യുവാവിനെ ദമ്പതികള്‍ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് മര്‍ദ്ദിച്ചത്. ഇയാള്‍ക്ക് രശ്മിയുമായി അവിഹിത ബന്ധമുള്ളതായി ജയേഷ് സംശയിച്ചിരുന്നു. രശ്മിയുടെ ദൃശ്യങ്ങള്‍ യുവാവിന്റെ ഫോണിലുണ്ടെന്ന് സംശയിച്ചായിരുന്നു അതിക്രൂര പീഢനമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍.

യുവാവ് വീട്ടിലെത്തിയ ഉടനെ ദമ്പതികള്‍ ഇയാളെ പെപ്പര്‍ സ്േ്രപ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഷാള്‍ ഉപയോഗിച്ച് കൈയ്യും കാലും കെട്ടിയ ശേഷം പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിത്തൂക്കി. പിന്നാലെ ഇരുമ്പു വടികൊണ്ട് അടിക്കുകയും സൈക്കിള്‍ ചെയിന്‍ കൈയ്യില്‍ ചുരുട്ടി നെഞ്ചില്‍ ഇടിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാവിന്റ ജനനേന്ദ്രിയത്തില്‍ രശ്മി 23 സ്റ്റാപ്ലര്‍ പിന്നുകള്‍ അടിച്ചു കയറ്റി. കൈയിലെ നഖം പ്ലയര്‍ ഉപയോഗിച്ച് അമര്‍ത്തിയും നഖത്തില്‍ മൊട്ടുസൂചി കുത്തിക്കയറ്റിയും ദമ്പതികള്‍ ക്രൂരപീഢനം നടത്തിയതായി യുവാവ് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

രശ്മിയും ജയേഷും

ജയേഷിനൊപ്പം മുന്‍പ് ജോലി ചെയ്തിരുന്നതായും സൗഹൃദത്തിന്റെ പുറത്താണ് വീട്ടില്‍ പോയതെന്നുമാണ് മര്‍ദ്ദനത്തിനിരയായ യുവാവ് പറയുന്നത്. മര്‍ദ്ദനത്തില്‍ നട്ടെല്ലും വാരിയെല്ലും പൊട്ടിയതായും യുവാവ് പറഞ്ഞു. മര്‍ദ്ദനത്തിന് മുന്‍പ് ഇരുവരും ആഭിചാരക്രിയകള്‍ പോലെ ചിലത് ചെയ്യുകയും വേറെ ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. ബാധ കയറിയതു പോലെയായിരുന്നു ഇരുവരുമെന്നും ഇയാള്‍ പറഞ്ഞു. അവശ നിലയിലായ തന്നെ റോഡില്‍ ഉപേക്ഷിച്ച ശേഷം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. റോഡില്‍ അവശനിലയില്‍ കിടന്ന ഇയാളെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയ്ക്കിടെ ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭയമുള്ളതിനാലാണ് ആദ്യം മൊഴിമാറ്റി പറഞ്ഞതെന്നും ഇയാള്‍ പറയുന്നു.

പ്രതികള്‍ സൈക്കോ മനോനിലയുള്ളവരാണെന്നാണ് പോലീസ് പറയുന്നത്. ആലപ്പുഴ സ്വദേശിയായ മറ്റൊരു യുവാവിനേയും പ്രതികള്‍ പീഢനത്തിനിരയാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇയാള്‍ പരാതിയുമായി മുന്നോട്ട് വന്നിട്ടില്ല. ഇയാളെ ഈ മാസം ഒന്നിന് വീട്ടില്‍ വിളിച്ചു വരുത്തി മര്‍ദ്ദിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

Comments