കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം വണ്ടൂര്‍ സ്വദേശിനി ശോഭനയാണ് (56) മരിച്ചത്. ഒരു മാസത്തിനിടെ അഞ്ച് പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മലബാര്‍ ജില്ലകളില്‍ മരിച്ചത്. രണ്ടുദിവസം മുന്‍പ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന വയനാട് സ്വദേശിയും മരണപ്പെട്ടിരുന്നു.
രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 12 പേരായിരുന്നു ചികിത്സയില്‍ ഉണ്ടായിരുന്നത്. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാല്‍ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് കഴിഞ്ഞദിവസം ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. വിദേശത്ത് നിന്നുള്‍പ്പെടെ മരുന്നെത്തിച്ച് രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അമീബിക് മസ്തിഷ്‌കജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
DeToor reflective wanderings…