Friday , August 1 2025, 2:48 am

മലബാറിന്റെ പുഴയോരങ്ങളില്‍ ഇനി ആവേശത്തിന്റെ നാളുകള്‍; വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കമായി

കോഴിക്കോട്: കാലവര്‍ഷപ്പെയ്ത്തില്‍ സമൃദ്ധമായ മലയോരത്തെ പുഴപ്പരപ്പുകളില്‍ ആവേശത്തിന്റെ അലയൊലികള്‍ ഒരിക്കല്‍ കൂടി ഉയരുന്നു. മലബാര്‍ ജലോത്സവത്തിന്റെ ഭാഗമായ വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് വ്യാഴാഴ്ച തുടക്കമായി. ഏഷ്യയിലെ ഏറ്റവും വലിയ കയാക്കിങ് മാമാങ്കമാണ് മലബാര്‍ വാട്ടര്‍ ഫെസ്റ്റ്. രാവിലെ 10ന് കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയം ചാലിപ്പുഴയില്‍ പുരുഷ-വനിത വിഭാഗങ്ങളിലെ ഇന്റര്‍മീഡിയറ്റ് കാറ്റഗറി ‘എക്‌സ്ട്രീം സ്ലാലം’ മത്സരങ്ങളാണ് നടന്നത്. ഇതിന്റെ ഫൈനല്‍ മത്സരങ്ങളും ഇന്ന് നടക്കും. 11ാമത് കയാക്കിങ് ചാമ്പ്യന്‍ഷിപ്പിനാണ് തുടക്കമായത്.

പത്തിലേറെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം കയാക്കിങ് താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളേക്കാള്‍ കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ ഇത്തവണ കൂടുതലായി മത്സരത്തിനെത്തിയിട്ടുണ്ട്. കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമാണ് മത്സരങ്ങള്‍ നടക്കുന്നത്. കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കേരള ടൂറിസം വകുപ്പ്, കോഴിക്കോട് ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കോഴിക്കോട് ജില്ല പഞ്ചായത്ത്, ചക്കിട്ടപാറ, കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകള്‍ ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

ശനിയാഴ്ച പ്രൊഫഷണല്‍ ‘എക്‌സ്ട്രീം സ്ലാലം’ മത്സരവും ഞായറാഴ്ച ഇരുവഞ്ഞിപ്പുഴയില്‍ ‘ഡൗണ്‍ റിവര്‍’ മത്സരങ്ങളും നടക്കും. ഈ മത്സരങ്ങളില്‍ വിജയിക്കുന്നവരാണ് ‘വേഗരാജാ’ പട്ടവും ‘വേഗറാണി’ പട്ടവും നേടുക. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ലോക സാഹസിക കായിക വിനോദ ഭൂപടത്തില്‍ മലയോരത്തെ പുഴകള്‍ ഇടം നേടിയെന്നതിന്റെ നേര്‍ക്കാഴ്ചകള്‍ കൂടിയാണ് മത്സരത്തിലെ വിദേശ പങ്കാളിത്തംം

Comments