Thursday , July 31 2025, 11:41 am

ഓളപ്പരപ്പിലെ വേഗരാജാവായി റയാന്‍, വേഗറാണിയായി റാട്ട; മലബാര്‍ ജലോത്സവത്തിന് തിരശ്ശീല വീണു

കോഴിക്കോട്: കുതിച്ചു പായുന്ന ഇരുവഞ്ഞിപ്പുഴയുടെ ഓളപ്പരപ്പുകളോട് മല്ലിട്ട് ന്യൂസിലന്റ് സ്വദേശികളായ റയാനും വേഗയും വേഗപ്പട്ടം ചൂടി. മലബാര്‍ ജലോത്സവത്തിലെ വേഗം കൂടിയ താരങ്ങളെ കണ്ടെത്താനുള്ള അവസാന ദിവസത്തെ റാപ്പിഡ് മത്സരത്തിലാണ് ഇരുവരും കിരീടം ചൂടിയത്. വേഗരാജാവായി റയാന്‍ ഒ കോണറും റാണിയായി റാട്ട ലോവല്‍ സ്മിത്തും മത്സരത്തിലെ താരങ്ങളായി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ടൂറിസം വകുപ്പ മന്ത്രി പി.എ മുഹമ്മദ് റിയാസ് സമ്മാനിച്ചു. ലോകത്തെ ഏറ്റവും വലിയ അഞ്ച് കയാക്കിങ് ഫെസ്റ്റിവലുകളില്‍ ഒന്നായി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ മാറി എന്ന് സമാപന സമ്മേളനത്തില്‍ ടൂറിസം മന്ത്രി പറഞ്ഞു.

പുരുഷവിഭാഗത്തില്‍ ചിലി സ്വദേശി കിലിയന്‍ ഇവേലിച്ച് രണ്ടാംസ്ഥാനത്തും ഉത്തരാഖണ്ഡ് സ്വദേശി അര്‍ജുന്‍ സിങ് റാവത്ത് മൂന്നാം സ്ഥാനവും നേടി. വനിത വിഭാഗത്തില്‍ ന്യൂസിലന്റ് സ്വദേശികളായ മില്ലി ചേംബര്‍ലൈന്‍ രണ്ടാംസ്ഥാനവും ഡേയ്‌ല വാഡ് മൂന്നാംസ്ഥാനവും നേടി. ജേതാക്കള്‍ക്ക് യഥാക്രമം 1,20,000, 60,000, 30,000 രൂപയാണ് സമ്മാനത്തുകയായി നല്‍കുക.

ഇന്ത്യന്‍ കയാക്കിങ് താരങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഇന്ത്യന്‍ ബെസ്റ്റ് പാഡ്ഡേഴ്‌സ് അവാര്‍ഡില്‍ അര്‍ജുന്‍ സിങ് റാവത്ത് ഒന്നാംസ്ഥാനവും അമര്‍ സിങ്, അങ്കിത് കുല്‍ദീപ് സിങ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. കേരളത്തില്‍ നിന്നുള്ള മികച്ച പാഡേഴ്‌സ് ആയി അക്ഷയ് അശോക്, ആദം മാത്യു സിബി, നിഖില്‍ ദാസ്, സുധാകര്‍ ജെന, റയാന്‍ വര്‍ഗീസ്, ഡോണ മാര്‍സെല്ല, ഇ സ്വാലിഹ എന്നിവര്‍ കിരീടം ചൂടി.

ഏഷ്യയിലെ ഏറ്റവും വലിയ കയാക്കിങ് മാമാങ്കമാണ് മലബാര്‍ വാട്ടര്‍ ഫെസ്റ്റ്. പത്തിലേറെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം കയാക്കിങ് താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. മുന്‍വര്‍ഷങ്ങളേക്കാള്‍ കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ ഇത്തവണ കൂടുതലായി മത്സരത്തിനെത്തിയിട്ടുണ്ട്. കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴയിലും മുക്കത്തെ ഇരുവഞ്ഞിപ്പുഴയിലുമാണ് മത്സരങ്ങള്‍ നടന്നത്. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കേരള ടൂറിസം വകുപ്പ്, കോഴിക്കോട് ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കോഴിക്കോട് ജില്ല പഞ്ചായത്ത്, ചക്കിട്ടപാറ, കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകള്‍ ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു മത്സരങ്ങള്‍.

 

Comments