കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന്റെ പേരില്‍ ഉപഭോക്താക്കള്‍ക്ക് വ്യാജ സന്ദേശങ്ങളയച്ച് പണം തട്ടിയ ‘എം പരിവാഹന്‍’ തട്ടിപ്പു സംഘം അറസ്റ്റില്‍. വാരാണസി ശിവപുരിയില്‍ നിന്നുള്ള അതുല്‍കുമാര്‍ സിങ് (32), മനീഷ് സിങ് (24) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിന് പരിവാഹന്റെ പേരിലുള്ള ആപ് നിര്‍മിച്ചു നല്‍കിയ മുഖ്യ സൂത്രധാരനും മൂന്നാംപ്രതിയുമായ 16കാരനെ അറസ്റ്റ് ചെയ്തിട്ടില്ല. കൊച്ചി സിറ്റി സൈബര്‍ പോലീസാണ് ഇവരെ ശിവപുരില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇവര്‍ റിമാന്‍ഡിലാണ്.
തട്ടിപ്പിനാവശ്യമായ എപികെ ഫയല്‍ ഉണ്ടാക്കി നല്‍കിയത് 16കാരനാണ്. 10 ദിവസത്തിനകം മാതാപിതാക്കളോടൊപ്പം കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളുമായി സൈബര്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബത്തിന് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹാജരാകാത്ത പക്ഷം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്‍പില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് പോലീസിന്റെ നീക്കം.
കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് തട്ടിപ്പുകള്‍ സംഘം നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് എറണാകുളം സിറ്റി പോലീസ് കമ്മീഷ്ണര്‍ പുട്ട വിമലാദിത്യ അന്വേഷണം സൈബര്‍ പോലീസിനു കൈമാറി. തുടര്‍ന്ന് ഐപി വിലാസവും ഫോണ്‍ നമ്പറുകളും കേന്ദ്രീകരിച്ച നടന്ന അന്വേഷണത്തിലാണ് സംഘത്തെ കണ്ടെത്തിയത്. പ്രതികളെ അറസ്റ്റു ചെയ്യാനുള്ള നീക്കത്തിനിടെ അന്വേഷണ സംഘവും പ്രദേശവാസികളും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. പ്രതികളുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇവരുടെ വീടുകളില്‍ വിശദ പരിശോധന നടന്നില്ലെന്നാണ് പോലീസ് പറയുന്നത്.
മോട്ടോര്‍ വാഹന വകുപ്പിന്റെ എം പരിവാഹന്‍ വെബ്‌സൈറ്റില്‍ നിന്നും വാഹന ഉടമകളുടെ രജിസ്‌ട്രേഷന്‍ നമ്പറും ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തിയായിരുന്നു തട്ടിപ്പ് രീതി. തുടര്‍ന്ന് ഗതാഗത നിയമം ലംഘിച്ചതിനു പിഴയടയ്ക്കണമെന്നു കാണിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റേതെന്ന പേരില്‍ വാട്‌സ്ആപില്‍ വാഹന ഉടമകള്‍ക്ക് സന്ദേശം അയക്കും. ചലാന്‍ നമ്പറും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങളും പിഴയടയ്ക്കാനുള്ള ഒരു ലിങ്കുമടക്കമാണ് സന്ദേശത്തിലുണ്ടായിരുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ എം പരിവാഹന്‍ ആപ്പിന്റെ അതേ മാതൃകയിലുള്ള വ്യാജ ആപിലേക്കാണ് ചെന്നെത്തുക. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുകയും പിന്നീട് ഇതുവഴി ഓണ്‍ലൈനായി പണം തട്ടുകയും ചെയ്യുക എന്നതായിരുന്നു സംഘത്തിന്റെ രീതി.