Friday , August 1 2025, 3:35 am

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ നിന്ന് 9.78 ലക്ഷം പേര്‍ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ നിന്ന് അപ്രത്യക്ഷരായത് 9.78 ലക്ഷം പേര്‍. 2020 തദ്ദേശ തിരഞ്ഞെടുപ്പിനായി കമ്മീഷന്‍ തയ്യാറാക്കിയ പട്ടികയില്‍ 2,76,56,579 (2.76 കോടി) വോട്ടര്‍മാരുണ്ടായിരുന്നു. ഇക്കൊല്ലം വാര്‍ഡ് വിഭജനത്തിനു ശേഷം പുതിയ പോളിങ് സ്‌റ്റേഷനുകളെ അടിസ്ഥാനമാക്കി ജൂണ്‍ 30 നു തയ്യറാക്കിയ പട്ടികയില്‍ 2,66,78,256 (2.66 കോടി) വോട്ടര്‍മാരാണുള്ളത്.

പുതിയ കണക്കുകള്‍ പ്രകാരം നാലര വര്‍ഷത്തിനിടെ പട്ടികയില്‍ നിന്നും അപ്രത്യക്ഷരായത് 9.78 ലക്ഷം പേര്‍. കരട് വോട്ടര്‍ പട്ടിക ഈ മാസം 23നാണ് കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തുക. മരണപ്പെട്ടവരേയും സംസ്ഥാനത്ത് നിന്നും താമസം മാറി പോയവരേയും പട്ടികയില്‍ നിന്നും നീക്കുന്നത് സ്വാഭാവിക നടപടിയാണ്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജനുവരി ആദ്യം തയ്യാറാക്കിയപ്പോള്‍ കേരളത്തിലെ വോട്ടര്‍മാര്‍ 2,77,20,818 (2.77 കോടി) യാണ്. അതായത് സംസ്ഥാന കമ്മീഷന്‍ തയ്യാറാക്കിയ പട്ടികയേക്കാള്‍ 10.42 ലക്ഷം വോട്ടര്‍മാര്‍ ഈ പട്ടികയില്‍ കൂടുതലായുണ്ട്.

സംസ്ഥാന കമ്മിഷന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കു കഴിഞ്ഞ ദിവസം വിതരണം ചെയ്ത പ്രത്യേക കുറിപ്പില്‍ കേന്ദ്ര കമ്മീഷന്റെ കണക്കുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. നിയമസഭ മണ്ഡല അടിസ്ഥാനത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും വാര്‍ഡ് അടിസ്ഥാനമാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും വെവ്വേറെ വോട്ടര്‍പട്ടികയാണ് തയ്യാറാക്കുന്നത്. കേന്ദ്ര കമ്മിഷന്റെ പോളിങ് ബൂത്തുകള്‍ നിയമസഭാ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലായി ഭിന്നിച്ച് നില്‍ക്കുമ്പോള്‍, തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ബൂത്തുകള്‍ കൃത്യമായി വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ രണ്ടിനും ഒന്നിച്ചുള്ള പട്ടിക സാധ്യമല്ലെന്ന് ഈയിടെ സംസ്ഥാന കമ്മിഷണറും കേന്ദ്ര കമ്മിഷന്റെ കേരളത്തിലെ പ്രതിനിധിയായ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും (സിഇഒ) തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ വിഷയമായിരുന്നു. 2015ലെ തദ്ദേശ പൊതുതിരഞ്ഞെടുപ്പില്‍ കേന്ദ്ര കമ്മീഷന്റെ വോട്ടര്‍ പട്ടികയാണ് ഉപയോഗിച്ചത്.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍ പട്ടികയില്‍ നിന്ന് ഒരു സമ്മതിദായകനെ നീക്കുന്നത് രാഷ്ട്രീയപ്പാര്‍ട്ടികളോ പൊതുജനങ്ങളോ പ്രതിനിധികളോ നല്‍കുന്ന പരാതി പരിഗണിച്ചാണ്. ഇതിനായി ഫോം അഞ്ചാണ് ഉപയോഗിക്കുക. പരാതിക്കാരെ അതേ വാര്‍ഡിലെ ഒരു വോട്ടര്‍ പിന്താങ്ങണമെന്നാണ് നിയമം. പേരു നീക്കുന്ന വ്യക്തിയെ ഹിയറിങിനായി നോട്ടീസ് നല്‍കി ഭാഗം കേള്‍ക്കണമെന്നാണ് ചട്ടമെങ്കിലും ഇവ നടപ്പാക്കുന്നുണ്ടോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തതയില്ല.

2023, 2024 സമയങ്ങളില്‍ റിവിഷനിലൂടെ 13.29 ലക്ഷം പേരെ പട്ടികയില്‍ നിന്നും പുറത്താക്കിയതായി സംസ്ഥാന കമ്മീഷന്റെ കുറിപ്പിലുണ്ട്. പുതുതായി 3.26 ലക്ഷം പേരെ പട്ടികയില്‍ ചേര്‍ത്തിട്ടുമുണ്ട്.

Comments