20 ദിവസം കൊണ്ട് 250 കോടിയെന്ന മിന്നും നേട്ടവുമായി കല്യാണി ചിത്രം ലോകയുടെ മുന്നേറ്റം തുടരുന്നു. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സ് ലോകയിലെ ആദ്യ ചിത്രം ലോക- ചാപ്റ്റര്‍ 1 ചന്ദ്രയാണ് ഇപ്പോള്‍ റിലീസായിരിക്കുന്നത്. ആദ്യ ദിവസം മുതല്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിയിരിക്കുന്നത്. ട്രാക്കിംങ് സൈറ്റായ സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് പ്രകാരം ചിത്രം ഇതുവരെ 257 കോടി നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള കളക്ഷന്‍ 126 കോടിയാണ്. ഇതോടെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി ലോക മാറി. എമ്പുരാനാണ് ലോകയ്ക്ക് മുന്‍പിലുള്ള റെക്കോര്‍ഡ്.
സൂപ്പര്‍ ഹീറോ ആയ ചന്ദ്ര എന്ന പേരുള്ള കഥാപാത്രത്തെ അവതരിപ്പിച്ചത് കല്യാണി പ്രിയദര്‍ശനാണ്. ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, നസ്ലന്‍, സണ്ണിവെയ്ന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഓഗസ്റ്റ് 28നായിരുന്നു ചിത്രത്തിന്റെ റിലീസിങ്.