തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മരണങ്ങള്‍ വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഈ മാസം ഇതുവരെ രോഗബാധമൂലം ജീവന്‍ നഷ്ടപ്പെട്ടത് 30 പേര്‍ക്കാണ്. 26 മരണങ്ങളില്‍ എലിപ്പനി സംശയിക്കുന്നുണ്ട്. ബുധനാഴ്ച മാത്രം സംസ്ഥാനത്ത് 23 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
സെപ്തംബര്‍ 24വരെയുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷം മാത്രം എലിപ്പനി മൂലം സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത് 156 പേര്‍ക്കാണ്. ഇതിനു പുറമെ 122 മരണങ്ങള്‍ എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നുമുണ്ട്. 2455 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. അസുഖം സ്ഥിരീകരിക്കുന്നതിലെ കാലതാമസമാണ് പലപ്പോഴും മരണ കാരണമാകുന്നതെന്ന് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. പനിയും മറ്റ് രോഗലക്ഷണങ്ങളും കണ്ടാല്‍ ചികിത്സ തേടാന്‍ വൈകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പനി, തലവേദന, കഠിനമായ ക്ഷീണം, പേശി വേദന തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കൂടെ കണ്ടാല്‍ എലിപ്പനി സംശയിക്കാം. വീടും പരിസരവും പൊതുവിടങ്ങളും വൃത്തിയായി സൂക്ഷിക്കുകയും എലികള്‍ പെരുകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയും ചെയ്യണമെന്നും ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.