കുവൈത്ത് സിറ്റി: രാജ്യത്തിനുള്ളിലേക്ക് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത് ഗവണ്‍മെന്റ്. 3000 കുവൈത്ത് ദിനാറില്‍ (8,52,981 രൂപ) കൂടുതല്‍ മൂല്യമുള്ള പണം, സ്വര്‍ണം, മറ്റ് വസ്തുക്കള്‍ എന്നിവ ഇനി മുതല്‍ കസ്റ്റംസ് ഡിപാര്‍ട്ട്‌മെന്റിനെ അറിയിക്കണം. വിദേശികള്‍ക്ക് മാത്രമല്ല സ്വദേശികള്‍ക്കും നിര്‍ദേശം ബാധകമാണ്. അനധികൃത സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.
പൗരന്മാര്‍, പ്രവാസികള്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കെല്ലാം ഇവ ബാധകമാണ്. വിമാനത്താവളങ്ങളിലെ അറൈവല്‍, ഡിപാര്‍ച്ചര്‍ ടെര്‍മിനലുകളിലെത്തുന്ന യാത്രക്കാര്‍ വിവരങ്ങള്‍ അധികൃതരെ അറിയിക്കണം. സ്വര്‍ണവും പണവും മാത്രമല്ല, ഡിസൈനര്‍ വാച്ചുകള്‍, ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്ലറ്റുകള്‍, ബ്രാന്‍ഡഡ് ഹാന്‍ഡ്ബാഗുകള്‍, ഫാഷന്‍ ആക്‌സസറികള്‍ എന്നിവയെക്കുറിച്ചെല്ലാം അധികൃതര്‍ക്ക് വിവരം നല്‍കണം. ധരിച്ചിരിക്കുന്ന ആഭരണങ്ങള്‍ 3000 കുവൈത്ത് ദിനാറിനേക്കാള്‍ മൂല്യമുള്ളതാണെങ്കില്‍ അതും റിപ്പോര്‍ട്ട് ചെയ്യണം. മാത്രമല്ല എല്ലാ വസ്തുക്കളുടേയും ഒറിജിനല്‍ ഇന്‍വോയിസും സൂക്ഷിക്കണം.