കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ രേഖ പുതുക്കുന്നതിനും മേല്‍വിലാസം അപ്‌ഡേറ്റ് ചെയ്യുന്നതിനും പുതിയ വാടക കരാര്‍ നിര്‍ബന്ധമാക്കിയതോടെ ഈ രംഗത്തും വന്‍ തട്ടിപ്പ്. മേല്‍വിലാസം അപ്‌ഡേറ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് നിരവധി പ്രവാസികളുടെ മേല്‍വിലാസം നീക്കം ചെയ്യുകയും ഇവരുടെ മൈ ഐഡന്റിറ്റി ആപ്പ് മരവിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യം മുതലെടുത്തു കൊണ്ടാണ് സാധാരണക്കാരായ പ്രവാസികളെ തട്ടിപ്പിനിരയാക്കപ്പെട്ടത്. പുതിയ വിസയില്‍ എത്തുന്ന വര്‍ക്ക് സിവില്‍ ഐഡി കാര്‍ഡ് ലഭിക്കുന്നതിന് താമസിക്കുന്ന കെട്ടിടത്തിന്റെ വാടക കരാര്‍ സമര്‍പ്പികേണ്ടതുണ്ട്. ഇതുപോലെ മേല്‍വിലാസം നീക്കം ചെയ്യപ്പെട്ടവരുടെ മൈ ഐഡന്റിറ്റി ആപ്പ് പുനസ്ഥാപിക്കുന്നതിനും അപേക്ഷയോടൊപ്പം പുതിയ വാടക കരാറിന്റെ പകര്‍പ്പും നല്‍കേണ്ടതാണ്. സ്വന്തമായി ഫ്‌ലാറ്റ് എടുക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്തവരെ ലക്ഷ്യമിട്ടുകൊണ്ടാണ് വന്‍ തട്ടിപ്പ് സംഘം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
വാടക കരാറിന്റെ പകര്‍പ്പ് അനുവദിക്കുന്നതിന് 150 കുവൈത്തി ദിനാര്‍ വരെയാണ് ഇവര്‍ ആവശ്യക്കാരില്‍ നിന്നും ഈടാക്കുന്നത്. സ്വന്തം പേരില്‍ ഫ്‌ലാറ്റ് എടുക്കുകയും പരമാവധി ആളുകള്‍ക്ക് വാടക കരാറിന്റെ കോപ്പി നല്‍കുകയും ചെയ്തു ഒന്നോ രണ്ടോ മാസത്തിനു ശേഷം ഉടമക്ക് വാടക നല്‍കാതെ മുങ്ങുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. വാടക ലഭിക്കാതെ വരുമ്പോള്‍ സ്വാഭാവികമായും കെട്ടിട ഉടമകള്‍ വാടക കരാര്‍ റദ്ദാക്കുകയും സിവില്‍ ഐഡിഅധികൃതര്‍ക്ക് വിവരം നല്‍കുകയും ചെയ്യും. ഇതോടെ മേല്‍ കെട്ടിട ത്തില്‍ താമസം രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരുടെയും മേല്‍വിലാസം അധികൃതര്‍ റദ്ദാക്കും പണം നല്‍കി വാടക കരാര്‍ നേടിയവര്‍ക്ക് വീണ്ടും ഒരു മേല്‍വിലാസം ആവശ്യമായി വരികയും ചെയ്യും.
ഈ രൂപത്തില്‍ അനവധി പേര്‍ തട്ടിപ്പിനിരയായതായി പ്രാദേശികമാധ്യമത്തിന്റെ ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ പണം നല്‍കി വാടക കരാര്‍ നേടിയവരുടെ വാടക കരാര്‍ റദ്ദാക്കപ്പെട്ടില്ലെങ്കിലും ഇവര്‍ മറ്റൊരു സ്ഥലത്താണ് താമസം എങ്കില്‍ പിടിക്കപ്പെട്ടാല്‍ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ക്ക് വിധേയരാകും എന്നും നിയമ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.