കൊല്ലം: ഒടുവില്‍ കെ.എസ്.ആര്‍.ടിസിയില്‍ നിന്നും ശുഭ വാര്‍ത്തയെത്തി. 40 വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പനി ലാഭത്തിലായതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ അറിയിച്ചു. ടിക്കറ്റ് വില്‍പ്പനയിലൂടെയും അല്ലാതെയുമായി 1.57 കോടി രൂപയാണ് ലാഭമായി കമ്പനിക്ക് ലഭിച്ചത്. പത്തനാപുരം യൂണിറ്റിലേക്ക് പുതുതായി അനുവദിച്ച 10 ബ്രാന്‍ഡഡ് ബസുകളുടേയും വിവിധ ഗ്രാമീണ്‍, അന്തര്‍ സംസ്ഥാന സര്‍വീസുകളുടേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
10.19 കോടി രൂപ വരുമാനമാണ് ടിക്കറ്റ് ഇനത്തില്‍ കമ്പനിക്ക് ലഭിച്ചത്. ഡ്രൈവിങ് സ്‌കൂളുകള്‍ വഴി ഒന്നരക്കോടി രൂപയും ലഭിച്ചു. സംസ്ഥാനത്ത് അടുത്തിടെ ഇറക്കിയ ഡബിള്‍ ഡക്കര്‍ ബസ്സുകളെല്ലാം ലാഭത്തിലാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 9 വര്‍ഷത്തിനിടയ്ക്ക് 10,000 കോടി രൂപയാണ് സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിയുടെ ഉന്നമനത്തിനായി ചിലവഴിച്ചത്. കൂടുതല്‍ മൈലേജ് ലഭിക്കുന്ന ബസുകള്‍ വാങ്ങാന്‍ 108 കോടി അനുവദിച്ചിരുന്നു. 300ലധികം പുതിയ ബസുകള്‍ നിരത്തിലിറങ്ങാനുണ്ട്.
സ്‌കാനിയ, വോള്‍വോ, മിനി ബസുകളില്‍ ഉള്‍പ്പെടെ വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്തിയത് ഗുണകരമായിട്ടുണ്ട്. ഒരു ജിബി ഡാറ്റ വരെ യാത്രക്കാര്‍ക്ക് സൗജന്യമായി ലഭിക്കും. ഇതെല്ലാം കെ.എസ്.ആര്‍.ടി.സിയെ കൂടുതല്‍ ജനപ്രിയമാക്കിയിട്ടുണ്ട്.