Saturday , October 4 2025, 2:12 am

ദുരന്തനിവാരണ അതോറിറ്റിയുടെ വാട്‌സ് ആപ് ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്തു; സന്ദേശങ്ങള്‍ അയക്കുന്നതില്‍ തടസ്സം

തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (കെ.എസ്.ടി.എം.എ) സംസ്ഥാന അടിയന്തര ഓപ്പറേഷന്‍ സെന്ററുമായി ബന്ധിപ്പിച്ചിട്ടുള്ള ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്തു. ശനിയാഴ്ച രാവിലെ സമൂഹ മാധ്യമത്തിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. നിലവില്‍, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ മുന്നറിയിപ്പ് സന്ദേശങ്ങളോ മറ്റ് ആശയവിനിമയങ്ങളോ അയയ്ക്കാനോ സ്വീകരിക്കാനോ സാധിക്കില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. ഹാക്കിംഗിന് പിന്നാലെ, ഗ്രൂപ്പുകള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുന്ന എല്ലാ ഗ്രൂപ്പുകളും ഹാക്ക് ചെയ്യപ്പെട്ടതില്‍ പെടുന്നു. സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമം ആരംഭിച്ചിരുന്നു. സൈബര്‍ സുരക്ഷാ വിദഗ്ദ്ധരുടെ സഹായത്തോടെയാണ് ഹാക്കിംഗിന് പിന്നിലുള്ളവരെ കണ്ടെത്താനും ഗ്രൂപ്പുകള്‍ പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനും ഈ ഗ്രൂപ്പുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അതിനാല്‍, ഈ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് അതോറിറ്റി കാണുന്നത്.

 

Comments