Friday , August 1 2025, 7:00 pm

മലയാളികളുടെ വാനമ്പാടി; കെ.എസ് ചിത്രയ്ക്കിന്ന് 62-ാം പിറന്നാള്‍

കോഴിക്കോട്: കെ.എസ് ചിത്ര എന്ന പേരിന് മുന്‍പിലോ പിന്‍പിലോ എന്തെങ്കിലും അലങ്കാരങ്ങള്‍ വേണമെന്ന് തോന്നുന്നില്ല. മലയാളികളികളുടെ നെഞ്ചിലെ സ്വകാര്യ അഹങ്കാരമാണ് ചിത്രച്ചേച്ചി എന്ന് പറയാം. അത്രയേറെ ആരാധകരാണ് അവരുടെ പാട്ടുകള്‍ക്കുള്ളത്.

സംഗീതലോകത്ത് കഴിവിന്റേയും വിനയത്തിന്റേയും പര്യായമായി കരുതപ്പെടുന്ന ചിത്രച്ചേച്ചിക്ക് ഇന്ന് 62ാം പിറന്നാളാണ്. പുതിയത്, പഴയത് തലമുറ വ്യത്യാസമില്ലാതെ എല്ലാവരും നെഞ്ചേറ്റിയ സ്വരമാണ് ചിത്രച്ചേച്ചിയുടേത്. 1963 ജൂലൈ 27ന് തിരുവനന്തപുരത്ത് കരമന കൃഷ്ണന്‍ നായരുടേയും ശാന്തകുമാരിയുടേയും മകളായാണ് ജനനം. ആദ്യഗുരു അച്ഛന്‍ തന്നെ. പിന്നീട് ഓമനക്കുട്ടി ടീച്ചറുടെ കീഴില്‍ കര്‍ണാടക സംഗീതപഠനം.

സിനിമയിലേക്കുള്ള ആദ്യപടി വയ്ക്കുന്നത് ഗായകന്‍ എം.ജി രാധാകൃഷ്ണന്റെ സഹായത്തോടെയാണ്. 1979ല്‍ റിലീസ് ചെയ്ത ‘അരവിന്ദന്റെ കുമ്മാട്ടി’ എന്ന ചിത്രത്തില്‍ കോറസ് പാടിയാണ് സിനിമാപ്രവേശം. പിന്നീട് ‘അട്ടഹാസം’ എന്ന ചിത്രത്തിലെ ‘ചെല്ലം ചെല്ലം’ എന്ന ഗാനം.  ഒരു ഗായിക എന്ന നിലയില്‍ ചിത്ര ശ്രദ്ധിക്കപ്പെടുന്നത് പക്ഷേ സത്യന്‍ അന്തിക്കാട് രചിച്ച് എം.ജി രാധാകൃഷ്ണന്‍ ഈണമിട്ട ‘രജനീ പറയൂ’ എന്ന ഗാനത്തോടെയാണ്. ചിത്രയുടെ ആദ്യത്തെ ഹിറ്റ് പാട്ടും ഇത് തന്നെ.

മലയാള സിനിമയില്‍ പിന്നണി പാടിത്തുടങ്ങി അധികകാലം കഴിയും മുന്‍പേ തമിഴിലേക്കും ചിത്രയുടെ സ്വരമെത്തി. അതും ആദ്യമായി സാക്ഷാല്‍ ഇളയരാജയുടെ പാട്ടുകളിലൂടെ. ‘നീ താനേ അന്തക്കുയില്‍’ എന്നതായിരുന്നു ആദ്യഗാനം. പിന്നീട് ഹിന്ദിയിലും മറ്റ് ഭാഷകളിലും പാട്ടുകള്‍ പാടി.

പത്മശ്രീയും പത്മഭൂഷണും ഉള്‍പ്പെടെ ആറുദേശീയ പുരസ്‌കാരങ്ങള്‍, 15 സംസ്ഥാന പുരസ്‌കാരങ്ങള്‍ തുടങ്ങി എണ്ണമറ്റ പുരസ്‌കാരങ്ങള്‍. ആന്ധ്രസര്‍ക്കാരിന്റെ പുരസ്‌കാരം ഒമ്പതുപ്രാവശ്യമാണ് തേടിയെത്തിയത്. തമിഴ്‌നാടില്‍ നിന്നും 4 തവണയും കര്‍ണാടകയില്‍ നിന്ന് മൂന്നുതവണയും ഒറിസയില്‍ നിന്ന് ഒരുതവണയും സംസ്ഥാന പുരസ്‌കാരങ്ങള്‍. 2005, 2021 വര്‍ഷങ്ങളിലാണ് പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നേടുന്നത്. പലഭാഷകളിലായി 30000ത്തോളം പാട്ടുകള്‍ ചിത്ര പാടിയിട്ടുണ്ട്.

Comments