കൊച്ചി: കോതമംഗലത്ത് ആത്മഹത്യ ചെയ്ത ടിടിസി വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് കേന്ദ്ര സഹമന്ത്രിമാരായ ജോര്‍ജ്ജ് കുര്യനും സുരേഷ് ഗോപിയും. കേസില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് മന്ത്രിമാരുടെ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്. ലൗ ജിഹാദ് നടന്നു എന്ന ആരോപണത്തെ മന്ത്രി ജോര്‍ജ്ജ് കുര്യന്‍ തള്ളിയിട്ടുണ്ട്. കുടുംബത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് മന്ത്രിമാര്‍ കുടുംബത്തെ അറിയിച്ചിട്ടുണ്ട്.
പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് കുടുംബം മന്ത്രിമാരോടും ആവര്‍ത്തിച്ചിട്ടുണ്ട്. മതപരിവര്‍ത്തന ശ്രമം നടന്നെന്നും മതംമാറുന്നതിനായി റമീസ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചെന്നും കുടുംബം ആരോപിച്ചു. വിദേശത്തു നിന്നടക്കമുള്ള ആളുകളുടെ ഇടപെടല്‍ നടന്നോ എന്ന കാര്യം അന്വേഷിക്കണമെന്നും കുടുംബം പറയുന്നു.
പ്രതിയുടെ കുടുംബത്തിന്റെ പശ്ചാത്തലമടക്കമുള്ള കാര്യങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെടുന്നത്. ആത്മഹത്യാ പ്രേരണ കുറ്റം, വിവാഹബന്ധം വാഗ്ദാനം ചെയ്ത് പറ്റിക്കല്‍, മാരകമായ മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് നിലവില്‍ പ്രതിക്കെതിരെ എഫ്‌ഐആറില്‍ ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ ഇവ എന്‍ഐഎ അന്വേഷിക്കേണ്ട കേസുകളല്ല.
യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത് റമീസും കുടുംബവും ചേര്‍ന്ന് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചത് കൊണ്ടാണെന്നാണ് കുടുംബത്തിന്റെ പരാതി. റമീസ് തര്‍ക്കമുണ്ടാക്കിയതിന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്നും പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. റിമാന്‍ഡിലുള്ള റമീസിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ന്ന് ആലുവയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പെണ്‍കുട്ടിയുടെ സഹോദരന്റേയും അമ്മയുടെയും, ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെയും വിശദമായ മൊഴി രേഖപ്പെടുത്തി.
കോതമംഗലം കറുകടത്ത് 23 കാരിയായ ടിടിസി വിദ്യാര്‍ത്ഥിനിയും പാനായിക്കുളത്തെ റമീസും തമ്മില്‍ പ്രണയത്തിലായിരുന്നു. മതം മാറിയും റമീസിനൊപ്പം ഒരുമിച്ച് ജീവിക്കാനായിരുന്നു പെണ്‍കുട്ടിയുടെ തീരുമാനം. എന്നാല്‍ കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ ഇവര്‍ക്കിടയില്‍ ഉണ്ടായ തര്‍ക്കങ്ങളും സംശയങ്ങളും റമീസില്‍ നിന്ന് നേരിട്ട കടുത്ത അവഗണനയുമാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അതേസമയം റമീസിന്റെ മാതാപിതാക്കളെ ഇന്ന് പോലീസ് കസ്റ്റഡിയിലെടുത്തേക്കും.
DeToor reflective wanderings…