കോതമംഗലം: കോതമംഗലത്ത് ടിടിസി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസിലെ മുഖ്യ പ്രതി റമീസിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടിലെ സേലത്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. കേസില്‍ റമീസിന്റെ പിതാവ് രണ്ടാംപ്രതിയും മാതാവ് ഷെരീഫ മൂന്നാം പ്രതിയുമാണ്. ആത്മഹത്യ പ്രേരണക്കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്.
തന്നെ ആത്മഹത്യയിലേക്ക് എത്തിച്ചതില്‍ റമീസിനും മാതാപിതാക്കള്‍ക്കും കൂട്ടുകാര്‍ക്കും പങ്കുണ്ടെന്നാണ് പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നത്. മതംമാറാന്‍ തയ്യാറായിരുന്നെന്നും എന്നാല്‍ മാതാപിതാക്കളടക്കം ക്രൂരതയോടെ തന്നോട് പെരുമാറിയിരുന്നെന്നും പെണ്‍കുട്ടി ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല റമീസിന്റെ വീട്ടില്‍ വച്ച് റമീസ് തന്നെ മര്‍ദ്ദിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന മാതാപിതാക്കളും സുഹൃത്തും തടഞ്ഞില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതായി സുഹൃത്തിന്റെ വെളിപ്പെടുത്തലുണ്ട്. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് മാതാപിതാക്കളെക്കൂടി കേസില്‍ പ്രതിചേര്‍ക്കുന്നത്.
റമീസിന്റെ അറസ്റ്റിന് പിന്നാലെ മാതാപിതാക്കള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന നടന്ന അന്വേഷണത്തിലാണ് ഇരുവരേയും സേലത്തെ ലോഡ്ജില്‍ നിന്ന് പിടികൂടിയത്. റമീസിനേയും മാതാപിതാക്കളേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.