തിരുവനന്തപുരം: വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിന്റെ മാനേജ്‌മെന്റിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. സ്‌കൂളിന്റെ നടത്തിപ്പ് കൊല്ലം ജില്ല വിദ്യഭ്യാസ ഓഫീസര്‍ക്ക് കൈമാറിക്കൊണ്ട് പൊതുവിദ്യഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്.
വിദ്യഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സ്‌കൂള്‍ ഗുരുതരമായ കൃത്യവിലോപം നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന സ്‌കൂള്‍ പ്രധാനാധ്യപികയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ നടപടി ഇതില്‍ മാത്രം ഒതുങ്ങിയെന്നും സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്‌മെന്റിനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ആരോപണം ശക്തമായിരുന്നു. ഇതിനു ശേഷമാണ് സ്‌കൂള്‍ മാനേജരോട് വകുപ്പ് വിശദീകരണം തേടിയത്. എന്നാല്‍ മാനേജര്‍ നല്‍കിയ വിശദീകരണം തള്ളിക്കൊണ്ടാണ് വിദ്യഭ്യാസ വകുപ്പിന്റെ ഇപ്പോഴത്തെ നടപടി. 11 അംഗ സ്‌കൂള്‍ നടത്തിപ്പ് സമിതിയില്‍ എല്ലാവരും സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമാണ്. ഇവരെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടത്.
ജൂലൈ 17നാണ് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സൈക്കിള്‍ ഷെഡ്ഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ കയറിയപ്പോഴായിരുന്നു മിഥുന് ഷോക്കേറ്റത്. അപകടാവസ്ഥയില്‍ കെട്ടിടത്തിനോട് ചേര്‍ന്ന് കിടന്നിരുന്ന വൈദ്യുതക്കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്.