ന്യൂഡല്‍ഹി: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കുന്നത് വരെ താല്‍ക്കാലിക വിസിമാര്‍ക്ക് തുടരാമെന്ന് സുപ്രീംകോടതി. സ്ഥിരം വിസിമാരെ ഉടന്‍ നിയമിക്കണമെന്നും വിസി നിയമനത്തില്‍ സര്‍ക്കാരുമായി ചാന്‍സലര്‍ സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനായി ചാന്‍സലര്‍ക്ക് വിജ്ഞാപനമിറക്കാമെന്നും കോടതി പറഞ്ഞു. എപിജെ അബ്ദുല്‍ കലാം യൂണിവേഴ്‌സിറ്റി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ താല്‍ക്കാലിക വിസി നിയമനത്തില്‍ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് കൊണ്ടാണ് ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാര്‍ വേണം. അല്ലെങ്കില്‍ അത് അക്കാദമിക് കാര്യങ്ങളെ ബാധിക്കും. വിദ്യഭ്യാസക്കാര്യങ്ങളിലെ തര്‍ക്കങ്ങള്‍ കോടതി വരെ എത്തുന്നതിന് മുന്‍പ് തന്നെ കാര്യക്ഷമമായി പരിഹരിക്കണം. വിസി നിയമനത്തില്‍ സമവായം വേണമെന്നും കോടതി നിര്‍ദേശിച്ചു. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ അധികാരം ചാന്‍സലര്‍ക്ക് ആണ് എന്നുള്ളതായിരുന്നു ഗവര്‍ണര്‍ ഉന്നയിച്ച പ്രധാനവാദം. ആര്‍ക്കാണ് അധികാരം എന്നതല്ല മറിച്ച് വിദ്യാര്‍ത്ഥികളുടെ വിദ്യഭ്യാസമാണ് പ്രശ്‌നമെന്ന് കോടതി രൂക്ഷമായി പ്രതികരിച്ചിരുന്നു.
സാങ്കേതിക സര്‍വകലാശാലയിലെ താല്‍ക്കാലിക വിസിയെ സംസ്ഥാന സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ നടപടി കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി. അതിലാണിപ്പോള്‍ കോടതി ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.