Friday , August 1 2025, 11:56 am

കേരള: രജിസ്ട്രാറുടെ ശമ്പളം തടഞ്ഞുവയ്ക്കാന്‍ വിസിയുടെ നിര്‍ദേശം

തിരുവനന്തപുരം: സസ്‌പെന്‍ഷനിലായ കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.കെ.എസ് അനില്‍കുമാറിന്റെ ശമ്പളം തടഞ്ഞുവയ്ക്കാന്‍ വിസിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച് ഫിനാന്‍സ് ഓഫീസര്‍ക്ക് വിസി ഡോ.മോഹനന്‍ കുന്നുമ്മല്‍ നിര്‍ദേശം നല്‍കി. സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ ഗവര്‍ണറോട് അനാദരവ് കാണിച്ചെന്നു കാട്ടി വിസി രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത് പിന്നീട് വിസിയും സിന്‍ഡിക്കേറ്റും തമ്മിലുള്ള തുറന്ന യുദ്ധത്തിലേക്ക് നയിച്ചു.

ജൂലൈ രണ്ടിനാണ് വിസിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്. ജൂലൈ 6ന് വിസിയുടെ അസാന്നിധ്യത്തില്‍ സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. വിസി പ്ലാനിങ് ഡയറക്ടര്‍ ഡോ.മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നല്‍കിയെങ്കിലും സിന്‍ഡിക്കേറ്റ് തീരുമാനം മുന്‍നിര്‍ത്തി രജിസ്ട്രാര്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് രജിസ്ട്രാറുടെ ചുമതല വീണ്ടും ഏറ്റെടുത്തതായി യൂണിവേഴ്‌സിറ്റി ഉത്തരവ് ഇറക്കി. നിലവില്‍ കേരളയില്‍ സിന്‍ഡിക്കേറ്റ് നിയമിച്ച രജിസ്ട്രാറും വിസി നിയമിച്ച രജിസ്ട്രാറുമുണ്ട്. ഇതോടെയാണ് രജിസ്ട്രാറുടെ ശമ്പളം തടഞ്ഞുവയ്ക്കാന്‍ വിസി ഫിനാന്‍സ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയത്.

Comments