Saturday , October 4 2025, 3:26 am

അമീബിക് മസ്തിഷ്‌ക ജ്വരം: രാജ്യത്ത് കൂടുതല്‍ കേസുകള്‍ കേരളത്തില്‍; രോഗബാധ വീട്ടിനുള്ളില്‍ നിന്നും

തിരുവനന്തപുരം: രാജ്യത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള കേസുകള്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍. രോഗബാധമൂലമുള്ള മരണനിരക്ക് ആഗോള തലത്തില്‍ 97 ശതമാനമാണെങ്കിലും കേരളത്തില്‍ മരണനിരക്ക് 24 ശതമാനം മാത്രമാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് 16 പേരാണ് മരിച്ചത്. എന്നാല്‍ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കുകളില്‍ ഈ മരണങ്ങള്‍ രോഗബാധമൂലമാണോ എന്ന് സംശയിക്കുന്നു എന്ന് മാത്രമാണുള്ളത്. രോഗത്തിനെതിരായ കേരളത്തിന്റെ പ്രതിരോധം പാളുന്നു എന്നതിന്റെ സൂചനകളാണ് വര്‍ദ്ധിച്ചു വരുന്ന കേസുകള്‍.

1971 മുതല്‍ രാജ്യത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മലിന ജലത്തില്‍ കുളിക്കുന്നവര്‍ക്കും ഇടപെടുന്നവര്‍ക്കും അപൂര്‍വ്വമായി മാത്രം വരുന്ന രോഗബാധയാണ് ഇതെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ വീട്ടിലെ കുളിമുറിയില്‍ കുളിക്കുന്നവര്‍ക്കും കിണര്‍വെള്ളത്തില്‍ നിന്നും വരെ രോഗബാധയേറ്റ കേസുകളാണ് കേരളത്തില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനന്തപുരം ജില്ലയില്‍ 2 വര്‍ഷത്തിനിടെ 51 പേര്‍ക്ക് രോഗബാധയുണ്ടായതില്‍ 6 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

കിണറുകളും ജല സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്താല്‍ ആവാസ വ്യവസ്ഥയെ മോശമായി ബാധിക്കുമെന്നത് ഏറെ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ ജലസ്രോതസ്സുകള്‍ ശുചീകരിക്കുകയാണ് വേണ്ടത്. ബാക്ടീരിയ ഉള്ള സ്ഥലങ്ങളില്‍ അമീബയുടെ സാന്നിധ്യം കൂടുതലായിരിക്കുമെന്നും ആരോഗ്യ പ്രവര്‍ത്തകന്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലെ ശുചിമുറി മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ 16% മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുമ്പോള്‍ ബാക്കിയുള്ളവ മണ്ണിലേക്ക് ഒഴുക്കിവിടുകയാണ്. ഇതിനു പുറമെ കിണറുകളും മാലിന്യ ടാങ്കുകളും തമ്മില്‍ ശാസ്ത്രീയമായ അകലം ഉറപ്പാക്കുകയും വേണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

Comments