Saturday , October 4 2025, 6:59 am

‘കേരള പോലീസില്‍ 60 ശതമാനം പേരും മോദി ഫാന്‍സാണ്’; ശോഭ സുരേന്ദ്രന്‍ പറഞ്ഞ പോലീസിലെ ചാരന്മാരെ കണ്ടെത്താന്‍ ആഭ്യന്തര അന്വേഷണം

തൃശ്ശൂര്‍: തൃശ്ശൂര്‍ കമ്മിഷണര്‍ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ ശോഭ സുരേന്ദ്രന്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തി ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു. പ്രതിഷേധത്തിനിടെ ബിജെപിക്കാരെ കൈകാര്യം ചെയ്യുമെന്ന് ശോഭ സുരേന്ദ്രന് മുന്നറിയിപ്പ് നല്‍കിയ പോലീസുകാരനെ കണ്ടെത്താനാണ് അന്വേഷണം.

”വീട്ടില്‍ നിന്നിറങ്ങും മുന്‍പു ഫോണ്‍ വന്നു. ബിജെപിക്കാരെ കൈകാര്യം ചെയ്യാന്‍ തയാറായി നില്‍ക്കുകയാണ്. പനിയോ ചെവിയില്‍ അസുഖം ഉണ്ടെങ്കിലോ മുന്നില്‍ നില്‍ക്കേണ്ട. വെള്ളം ചീറ്റിക്കും. കേരള പോലീസില്‍ 60 ശതമാനം പേരും മോദി ഫാന്‍സാണ്’. എന്നാണ് തൃശൂരിലെ പൊതു പരിപാടിയില്‍ ശോഭ പറഞ്ഞത്. ഇതിനു പിന്നാലെയാണ് അന്വേഷണം നടത്താനുള്ള നിര്‍ദേശം രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചത്.

സംസ്ഥാന പൊലീസില്‍ 60 ശതമാനം ഉദ്യോഗസ്ഥരും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫാന്‍സാണ്. ഈ 60 ശതമാനം ആളുകള്‍ ബിജെപി അനുഭാവികളാണ്. പിണറായി വിജയനെ കാണുമ്പോള്‍ അരിവാള് പോലെ നട്ടെല്ല് വളയുന്ന പൊലീസുകാരെക്കൊണ്ട് ഞങ്ങള്‍ സല്യൂട്ട് അടിപ്പിക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Comments