Saturday , October 4 2025, 3:26 am

ജനപ്രതിനിധികളുടെ ശമ്പള വര്‍ധന ബില്‍ നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കില്ല

തിരുവനന്തപുരം: മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും ശമ്പള വര്‍ധന ബില്‍ ഇത്തവണ നിയമസഭയില്‍ അവതരിപ്പിച്ചേക്കില്ല. മന്ത്രിസഭ യോഗത്തില്‍ ശമ്പള വര്‍ധന ഇപ്പോള്‍ വേണ്ടെന്ന് മുഖ്യമന്ത്രി തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും അടുത്തിരിക്കെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നത് ജനവികാരം എതിരാക്കുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍ പിന്നോട്ടടിച്ചത്.

ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി സി.എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ ശുപാര്‍ശ അടങ്ങിയ ഫയലാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയത്. 35 ശതമാനം വര്‍ധനവാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. ശമ്പള വര്‍ധനക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം അനുകൂല അഭിപ്രായമാണുള്ളത്. 2018ലാണ് നേരത്തേ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചത്. അന്ന് ശമ്പളം 55,012ല്‍ നിന്ന് 97,429 രൂപയായി ഉയര്‍ത്തിയിരുന്നു.

Comments