Tuesday , March 3 2026, 8:04 am

മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളല്‍: കേന്ദ്ര സര്‍ക്കാര്‍ സെപ്തംബര്‍ 10നകം തീരുമാനം അറിയിക്കണം- ഹൈക്കോടതി

കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ സെപ്തംബര്‍ 10നകം തീരുമാനം അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി. തീരുമാനമെടുക്കാന്‍ അന്തിമമായി ഒരവസരം കൂടി നല്‍കുന്നുവെന്ന് ഹൈക്കോടതി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ കടുത്ത നിലപാട്. മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.

വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നാലാഴ്ച കൂടി സാവകാശം തേടിയിരുന്നു. സമയം അനുവദിച്ച ഹൈക്കോടതി ഇത് അവസാന അവസരമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് പറഞ്ഞത്.
മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനമെടുക്കാതെ കേന്ദ്ര സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോകുകയാണ്.
ദുരിതബാധിതരുടെ വായ്പ കേരള ബാങ്ക് എഴുതിത്തള്ളിയിരുന്നു. ഇതേരീതിയില്‍ എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് വായ്പ എഴുതിത്തള്ളിക്കൂട എന്നാണ് ഹൈക്കോടതി ആവര്‍ത്തിച്ച് ചോദിച്ചത്. കേസ് ഡിവിഷന്‍ ബെഞ്ച് സെപ്തംബര്‍ പത്തിന് വീണ്ടും പരിഗണിക്കും.

 

 

 

Comments