കൊച്ചി: ചികിത്സാ പിഴവ് ആരോപിച്ചുള്ള കേസുകള്‍ കൈകാര്യം ചെയ്യാനും തീരുമാനമെടുക്കാനും വിദഗ്ദ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി. ഇതിനായി 12 നിര്‍ദേശങ്ങളടങ്ങിയ കരട് മാര്‍ഗ്ഗരേഖ ഹൈക്കോടതി പുറപ്പെടുവിച്ചു. വിദഗ്ദ പാനലും ഉന്നതാധികാര സമിതിയും രൂപീകരിക്കാനാണ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ഡോക്ടര്‍മാര്‍ പ്രതികളായ രണ്ടുകേസുകള്‍ പരിഗണിക്കവേ ജസ്റ്റിസ് വി.ജി അരുണിന്റേതാണ് വിധി.
ചികിത്സാപ്പിഴവ് ഉണ്ടായി എന്ന പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ലഭ്യമായ രേഖകള്‍ ശേഖരിക്കണം. ഡോക്ടറുടെ കുറിപ്പ്, നഴ്‌സിന്റെ ഡയറി, ഡ്യൂട്ടി ചാര്‍ട്ട്, ഷിഫ്റ്റ് റിപ്പോര്‍ട്ട്, ഹാജര്‍ നില, ചികിത്സ വിവരങ്ങള്‍, രോഗിയുടെ സമ്മതപത്രം, ലാബ് റിപ്പോര്‍ട്ട്, ഡിസ്ചാര്‍ജ് വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ശേഖരിക്കണം. അന്വേഷണ ഉദ്യോഗസ്ഥന്‍ മേലധികാരിയെ വിവരമറിയിക്കണം. തുടര്‍ന്ന് വിദഗ്ദരുടെ പാനല്‍ വിളിച്ചു ചേര്‍ക്കാന്‍ നിര്‍ദേശിക്കണം.
ചികിത്സാ പിഴവ് കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരായ ഓരോ മേഖലയിലും വിദഗ്ദരായ ഡോക്ടര്‍മാരുടെ പട്ടിക ജില്ലാ അടിസ്ഥാനത്തില്‍ ഉണ്ടാവണം. ഇതില്‍ നിന്ന് ഓരോ വിഷയത്തിലും വൈദഗ്ദ്യമുള്ളവരെ വിദഗ്ദരുടെ പാനലിലേക്ക് നിയോഗിക്കണം. വിദഗ്ദ പാനല്‍ 30 ദിവസങ്ങള്‍ക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. പരാതിക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും പറയാനുള്ളത് രേഖാമൂലം നല്‍കാനുള്ള അവസരം ലഭിക്കണം. ചികിത്സാപ്പിഴവ് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ ഡോക്ടറുടെ മൊഴി കൃത്യമായി രേഖപ്പെടുത്തണം. പാനലിന്റെ റിപ്പോര്‍ട്ടില്‍ ചികിത്സാപ്പിഴവ് സംബന്ധിച്ച കൃത്യമായ അവലോകനം നടന്നിരിക്കണം. ഇവ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയും വേണം. മാത്രമല്ല എതിര്‍ കക്ഷിക്കും പരാതിക്കാര്‍ക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണം. റിപ്പോര്‍ട്ടില്‍ അപ്പീലിനുള്ള അവസരം രണ്ടുകൂട്ടര്‍ക്കും നല്‍കണം, തുടങ്ങിയ നിര്‍ദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചത്.