കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടന് ഉപാധികളോടെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സെപ്റ്റംബർ 9ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കാം എന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം. യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്.
കേസ് രജിസ്റ്റർ ചെയ്തത് മുതൽ വേടൻ ഒളിവിലായിരുന്നു. നേരത്തെ മുൻകൂർ ജാമ്യാപേക്ഷയിൽ അന്തിമ ഉത്തരവ് വരുന്നത് വരെ വേടൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായതെന്നും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായപ്പോൾ ആ ബന്ധത്തെ ബലാത്സംഗമായി വ്യാഖ്യാനിക്കുകയായിരുന്നു എന്നുമാണ് വേടൻ കോടതിയിൽ വാദിച്ചത്. യുവതിയെ വിവാഹം കഴിക്കാൻ നേരത്തെ ആഗ്രഹിച്ചിരുന്നെങ്കിലും പിന്നീട് ബന്ധം വഷളായി. അതുകൊണ്ടുതന്നെ അവർക്കിടയിൽ നടന്ന ലൈംഗികബന്ധം ബലാത്സംഗം ആകില്ല എന്നായിരുന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.