Saturday , October 4 2025, 3:39 am

ദുര്‍മന്ത്രവാദവും മനുഷ്യത്വരഹിതമായ ആചാരങ്ങളും നിരോധിക്കുന്ന നിയമവുമായി മുന്നോട്ട് പോകും: കേരളം ഹൈക്കോടതിയില്‍

കൊച്ചി: ദുര്‍മന്ത്രവാദവും മറ്റു മനുഷ്യത്വരഹിതമായ ആചാരങ്ങളും നിരോധിക്കുന്നത് തടയുന്ന നിയമം സംസ്ഥാനത്ത് നടപ്പാക്കാന്‍ ആലോചിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച സത്യവാങ്മൂലം ഇന്നലെ
കോടതിയില്‍ നല്‍കിയത്. 2022ല്‍ സംസ്ഥാനം അന്ധവിശ്വാസങ്ങള്‍ തടയുന്നതിനുള്ള ബില്‍ തയ്യാറാക്കിയെങ്കിലും 2023ല്‍ മന്ത്രിസഭ നിയമവുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഇതില്‍ മാറ്റം വന്നതായി ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. കേരള യുക്തിവാദി സംഘം നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കേസ് ഒക്ടോബര്‍ 7ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ അന്ധവിശ്വാസങ്ങള്‍ തടയുന്നതിനുള്ള നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇവയുടെ ചുവടു പിടിച്ചാണ് സംസ്ഥാനവും നിയമ നിര്‍മ്മാണം നടത്തുക. 2022ല്‍ പത്തനംതിട്ടയില്‍ നടന്ന ഇരട്ട നരബലിയുടെ പശ്ചാത്തലത്തിലാണ് യുക്തിവാദി സംഘം കോടതിയില്‍ നിയമനിര്‍മ്മാണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഹരജി നല്‍കിയത്. കേസ് പരിഗണിക്കുന്നതിനിടെ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും ദുര്‍മന്ത്രവാദം ഉള്‍പ്പെടെയുള്ള മനുഷ്യത്വ വിരുദ്ധ ആചാരങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളെക്കുറിച്ച് കോടതി റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. ഇത്തരത്തില്‍ 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് കോടതിയെ അറിയിച്ചിട്ടുണ്ട്.

നേരത്തേ നിയമ പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശയിന്മേല്‍ ദുര്‍മന്ത്രവാദമടക്കം തടയുന്ന നിയമത്തിന്റെ കരട് ബില്‍ 2022ല്‍ സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ നിയമ നിര്‍മ്മാണവുമായി മുന്നോട്ട് പോകുന്നില്ലെന്ന നിലപാടാണ് ജൂണ്‍ 24ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. ‘ദി കേരള പ്രിവന്‍ഷന്‍ ആന്റ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഈവിള്‍ പ്രാക്ടീസസ്, സോര്‍സെറി ആന്റ് ബ്ലാക്ക് മാജിക് ബില്‍-2022’ എന്ന പേരിലായിരുന്നു ബില്‍ അവതരിപ്പിച്ചത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുകയും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ 7 വര്‍ഷം വരെ ശിക്ഷയും 5000 മുതല്‍ 50000 രൂപവരെ പിഴയുമാണ് കരട് ബില്ലില്‍ വ്യവസ്ഥ ചെയ്തത്. അനാചാരത്തിനിടെ മരണം സംഭവിച്ചാല്‍ ബി.എന്‍.എസിലെ കൊലപാതക്കുറ്റത്തിനുള്ള ശിക്ഷയാകും അനുഭവിക്കേണ്ടി വരിക.

Comments