Saturday , October 4 2025, 2:19 am

പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തില്‍ ഗവര്‍ണറുടെ അധികാരപരിധിയും

തിരുവനന്തപുരം: ഗവര്‍ണറുടെ അധികാര പരിധി ഉള്‍പ്പെടുത്തിയ പാഠപുസ്തകം പുറത്തിറക്കി എസ്.സി.ഇ.ആര്‍.ടി. പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തിലാണ് ‘ജനാധിപത്യം; ഒരു ഇന്ത്യന്‍ അനുഭവം’ എന്ന ഭാഗത്തില്‍ ഗവര്‍ണറുടെ അധികാര പരിധിയെ കുറിച്ച് പരാമര്‍ശിക്കുന്നത്. ‘സംസ്ഥാനത്തിന്റെ നാമമാത്ര തലവനാണ് ഗവര്‍ണര്‍’ എന്ന് പാഠഭാഗത്തില്‍ വ്യക്തമാക്കുന്നുണ്ട്.

യഥാര്‍ത്ഥ കാര്യനിര്‍വഹണ അധികാരം നിക്ഷിപ്തമായിരിക്കുന്നത് മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലാണ്. ആയതിനാല്‍ ഗവര്‍ണര്‍ അധികാരങ്ങള്‍ നിര്‍വഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമായിരിക്കണമെന്ന് പാഠഭാഗത്തില്‍ പറയുന്നു. ഗവര്‍ണര്‍ എന്നത് തിരഞ്ഞെടുക്കപ്പെട്ട ഒരു ഔദ്യോഗിക സ്ഥാനമല്ല. വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ എന്നിവരാണ് ഗവര്‍ണര്‍മാരായി പൊതുവെ നിയോഗിക്കപ്പെടാറുള്ളത്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വ്യത്യസ്ത രാഷ്ട്രീയ കക്ഷികള്‍ ഭരിക്കുന്ന സാഹചര്യങ്ങളില്‍ ഗവര്‍ണര്‍മാരുടെ പങ്ക് കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമാകാറുണ്ടെന്നും പാഠപുസ്തകത്തില്‍ പറയുന്നു.

സര്‍ക്കാരിയ കമ്മീഷന്‍ സജീവ രാഷ്ട്രീയക്കാരെ ഗവര്‍ണര്‍മാരായി നിയമിക്കരുതെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും പാഠഭാഗത്തിലുണ്ട്. സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് രൂക്ഷമായസാഹചര്യത്തിലാണ് ഗവര്‍ണറുടെ അധികാരപരിധികള്‍ പാഠ പുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു.

 

 

Comments