Thursday , June 26 2025, 8:08 am

കോഴിക്കോട് മാമ്പുഴയില്‍ കയാക്കിങ് ബോട്ട് സര്‍വീസിന് തുടക്കം

കോഴിക്കോട്: കല്ലായിപ്പുഴയുടെ ഭാഗമായ മാമ്പുഴയുടെ ജലടൂറിസം സാധ്യത ഉപയോഗപ്പെടുത്തി സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കാന്‍ മാമ്പുഴ തയ്യാറാകുന്നു. പെരുവയല്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതാ ഗ്രൂപ്പ് സംരംഭമായാണ് കീഴ്മാട് മാമ്പുഴ പാലത്തിന് സമീപം കയാക്കിങ് ബോട്ട് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഇവിടെ കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു.

കല്ലായിപ്പുഴയുടെ കൈവഴിയായ മാമ്പുഴ കുറ്റിക്കാട്ടൂര്‍ പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ പ്രദേശങ്ങളിലൂടെ കടന്നുപോയി കല്ലായി പുഴയോട് ചേരുന്നു. പുഴയുടെ മുഴുവന്‍ സ്ഥലവും സര്‍വേയിലൂടെ വീണ്ടെടുത്ത ശേഷമാണ് ടൂറിസം പദ്ധതി ആരംഭിച്ചത്. കോഴിക്കോട് നഗരത്തോട് ചേര്‍ന്നുനില്‍ക്കുന്ന പ്രദേശമായതിനാല്‍ കൂടുതല്‍ വിനോദ സഞ്ചാരികളെത്താനും ഇതിലൂടെ പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷ. ടൂറിസത്തോടൊപ്പം സംരംഭക പ്രോത്സാഹനവും വനിതാശാക്തീകരണവും തൊഴിലുറപ്പ് പദ്ധതിയുടെ സംയോജനവും പദ്ധതിയുടെ ഭാഗമാണ്.

പദ്ധതി നടത്തിപ്പിനായി സംരംഭകരെ കണ്ടെത്തിയ ശേഷം അവരെ വാട്ടര്‍ റെസ്‌ക്യൂ പരിശീലനത്തിനയച്ച് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ വാട്ടര്‍ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമായതിന് ശേഷമാണ് പദ്ധതി ആരംഭിച്ചത്.

Comments