കണ്ണൂര്‍: വളപട്ടണം പുഴയുടെ പാലത്തിനു മുകളില്‍നിന്ന ട്രെയിന്‍ യാത്രക്കാര്‍ക്ക് രക്ഷകനായി ടിക്കറ്റ് പരിശോധകന്‍. കഴിഞ്ഞദിവസം പുലര്‍ച്ചെ 3.45ന് തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു ഓണം സ്‌പെഷല്‍ (06042) ട്രെയിനാണ് യാത്രക്കാരന്‍ അപായച്ചങ്ങല വലിച്ചതിനെ തുടര്‍ന്നു പുഴയ്ക്കു നടുവില്‍ പാലത്തിനു മുകളില്‍ നിന്നത്. പാലക്കാട് സ്വദേശിയായ ടിക്കറ്റ് പരിശോധകന്‍ എം.പി. രമേഷിന്റെ ഇടപെടലിനെത്തുടര്‍ന്ന് ട്രെയിന്‍ യാത്ര തുടര്‍ന്നു.
നിന്നുപോയ ട്രെയിന്‍ വീണ്ടും ഓടാന്‍ പ്രഷര്‍ വാല്‍വ് പൂര്‍വസ്ഥിതിയിലാക്കേണ്ടതിനാല്‍ കോച്ചുകള്‍ക്കിടയിലെ വെസ്റ്റിബൂള്‍ വഴി കോച്ചിനടിയില്‍ ഇറങ്ങിയാണ് രമേഷ് പ്രഷര്‍ വാല്‍വ് ശരിയാക്കിയത്. പിന്നീലെ ടോര്‍ച്ചുമായി എത്തിയ ലോക്കോ പൈലറ്റും ഗാര്‍ഡും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. എസ്- വണ്‍ കോച്ചില്‍നിന്ന് കണ്ണൂരില്‍ ഇറങ്ങാന്‍ വിട്ടുപോയ യാത്രക്കാരനാണ് ചങ്ങല വലിച്ചത്. ട്രെയിന്‍ അപ്പോഴേക്കും വളപട്ടണം എത്തിയിരുന്നു. പാലത്തിനു മുകളില്‍ കൂടുതല്‍ നേരം ട്രെയിന്‍ നില്‍ക്കുന്നത് പാലത്തിന് അമിതഭാരമായി അപകടത്തിനിടയാക്കും. ഈ സാഹചര്യമാണ് അദ്ദേഹം ശ്രമകരമായി ഒഴിവാക്കിയത്. ചങ്ങല വലിച്ച യുവാവിനെതിരെ നടപടിക്ക് റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അപായച്ചങ്ങല വലിച്ചു, പുലര്‍ച്ചെ ട്രെയിന്‍ വളപട്ടണം പുഴയുടെ പാലത്തില്‍ നിന്നു
Comments