Saturday , October 4 2025, 6:36 am

‘പലസ്തീനികളെ ഇസ്രയേല്‍ വംശഹത്യ നടത്തി’; ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്

ജനീവ: ഗാസയില്‍ പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തിയെന്ന് ഐക്യരാഷ്ട്ര സഭ നിയോഗിച്ച അന്വേഷണ കമ്മീഷന്‍. 1984ലെ വംശഹത്യ പ്രതിരോധ കണ്‍വെന്‍ഷന്‍ നിര്‍വചിക്കുന്ന 5 വംശഹത്യ മാനദണ്ഡങ്ങളില്‍ നാലെണ്ണം ഇസ്രയേല്‍ ഭരണകൂടവും സുരക്ഷ സേനയും നടത്തിയെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. 2023ല്‍ ഹമാസിനെതിരെ ഇസ്രയേല്‍ യുദ്ധമാരംഭിച്ച ശേഷം വംശഹത്യ നിരോധിച്ചുള്ള അന്താരഷ്ട്ര നിയമങ്ങളുടെ ലംഘനം ഇസ്രയേല്‍ നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക നാവി പിള്ളൈ അധ്യക്ഷയായ കമ്മീഷന്റെയാണ് കണ്ടെത്തല്‍. മുന്‍ യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഹൈ കമ്മീഷ്ണറും റുവാണ്ടന്‍ വംശഹത്യ അന്വേഷിച്ച അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ പ്രസിഡന്റുമായിരുന്നു നാവി പിള്ളൈ. ഓസ്‌ട്രേലിയയില്‍ നിന്നുള്ള മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നിലയുറപ്പിച്ച അഭിഭാഷകന്‍ ക്രിസ് സിടോട്ടി, പാര്‍പ്പിടം, ഭൂമി എന്നിവയുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള മിലൂണ്‍ കോത്താരി എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങള്‍. 2021ലാണ് അധിനിവേശ ഗസയിലെ മനുഷ്യാവകാശങ്ങളുടേയും മനുഷ്യത്വങ്ങളേയും സംരക്ഷിക്കുന്ന നിയമ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കുന്നത്.

വംശീയമോ ദേശീയമോ അല്ലെങ്കില്‍ മതത്തിന്റെ പേരിലോ ഒരുമിച്ചു ജീവിക്കുന്ന ഒരുവിഭാഗത്തെ ഉന്മൂലനം ചെയ്യുക, ശാരീരികവും മാനസികവുമായ ഉപദ്രവമേല്‍പ്പിക്കുക, ഒരു വിഭാഗത്തെ നശിപ്പിക്കാന്‍ ലക്ഷ്യമിട്ട് മനഃപൂര്‍വ്വം സാഹചര്യങ്ങള്‍ സൃഷ്ടിക്കുക, ജനനം തടയുക തുടങ്ങിയ ഗുരുതരമായ നടപടികള്‍ ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടായെന്നും യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇസ്രയേലി നേതാക്കളുടെ പ്രസ്താവനകളും സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളുടെ സ്വഭാവവും വംശഹത്യ നടത്തി എന്നതിന്റെ തെളിവുകളാണെന്നും റിപ്പോര്‍ട്ടില്‍ അക്കമിട്ടു പറയുന്നു. പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവര്‍ വംശഹത്യക്ക് പ്രേരിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, യു.എന്‍ റിപ്പോര്‍ട്ട് വളച്ചൊടിച്ചതും വസ്തുതാവിരുദ്ധമാണെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കമ്മീഷനിലെ മൂന്ന് വിദഗ്ധരും ഹമാസിന്റെ പ്രോക്‌സികളാണെന്നും മന്താലയം കുറ്റപ്പെടുത്തി.

2023മുതല്‍ ഗസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 64,964 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ആക്രമണങ്ങളെ തുടര്‍ന്ന് ഗസയിലെ 90 ശതമാനത്തോളം വീടുകളും വാസ യോഗ്യമല്ലാതായി. ഗസയില്‍ പട്ടിണിയും പട്ടിണി മരണങ്ങളുമുണ്ടെന്ന് ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. അതേസമയം ഗസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിരിക്കയാണ്. ഇന്ന് മാത്രം ഇസ്രയേല്‍ ആക്രമണങ്ങളില്‍ 60ലേറെപ്പേര്‍ കൊല്ലപ്പെട്ടു.

Comments