ചെന്നൈ: രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പരീക്ഷണ ഓട്ടം വിജയം. പരിസ്ഥിതി മലിനീകരണമില്ലാത്ത ഗതാഗത സൗകര്യങ്ങളുടെ വികസനമെന്ന ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ഈ നേട്ടം. ട്രെയിന്‍ നിര്‍മിച്ച ചെന്നൈയിലെ പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) യിലാണ് പരീക്ഷണ ഓട്ടം (ലോഡ് ടെസ്റ്റ്) നടന്നത്. നോര്‍ത്ത് റെയില്‍വേക്കു കൈമാറിയ ശേഷം ഹരിയാനയിലെ സോണി പത്ത് – ജിന്ദ് പാതയിലാകും ട്രെയിനിന്റെ ഔദ്യോഗിക പരീക്ഷണ ഓട്ടം നടത്തുക. പരീക്ഷണ ഓട്ടം ഉടനെ ഉണ്ടാകുമെന്ന് ഐസിഎഫ് ജനറല്‍ മാനേജര്‍ ശുഭ റാവു അറിയിച്ചു.
ഹൈഡ്രജന്‍ ട്രെയിനിന്റെ 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തന്റെ എക്‌സ് അക്കൗണ്ടിലൂടെ ഓഗസ്റ്റ് 12ന് പുറത്തുവിട്ടിരുന്നു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പരിസ്ഥിതി മലിനീകരണം ഇല്ലാത്ത സുസ്ഥിര ഗതാഗത സൗകര്യ വികസനമെന്ന ഇന്ത്യയുടെ ദീര്‍ഘനാളത്തെ ശ്രമങ്ങള്‍ കൂടെയാണ് വിജയിച്ചിരിക്കുന്നത്. 118 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ട്രെയിനിന്റെ മുന്നിലും പിറകിലും ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഓരോ എഞ്ചിനുകളാണ് ഉണ്ടാകുക. ആകെ പത്ത് കോച്ചുകളാണ് ട്രെയിനിലുണ്ടാവുക. 2600 പേര്‍ക്ക് യാത്ര ചെയ്യാം. നിരീക്ഷണ ക്യാമറകളും സ്വയം പ്രവര്‍ത്തിക്കുന്ന വാതിലുകളും ഉണ്ടാകും.
ഹൈഡ്രജനും ഓക്‌സിജനും ഒത്തു ചേരുമ്പോള്‍ ഉണ്ടാകുന്ന വെള്ളം മാത്രമാണ് പുറന്തള്ളുക എന്നത് മലിനീകരണം ഒട്ടും ഉണ്ടാക്കുന്നില്ല. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന് സഞ്ചരിക്കാന്‍ കഴിയും. 1200 എച്ച്പി കരുത്തുള്ള എഞ്ചിനാണ് ഹൈഡ്രജന്‍ ട്രെയിനില്‍ ഉപയോഗിക്കുന്നത്. ഹൈഡ്രജന്‍ ട്രെയിനുകളുടെ കൂട്ടത്തില്‍ ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ കരുത്തുറ്റ എഞ്ചിനാണിത്. ലോകത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന ഹൈഡ്രജന്‍ ട്രെയിനുകള്‍ക്ക് 500-600 എച്ച് പി കരുത്ത് മാത്രമേയുള്ളൂ.
നിലവില്‍ ജര്‍മ്മനി, ഫ്രാന്‍സ്, സ്വീഡന്‍, ചൈന എന്നീ രാജ്യങ്ങളില്‍ മാത്രമേ ഹൈഡ്രജന്‍ ട്രെയിനുകള്‍ ലഭ്യമായിട്ടുള്ളൂ. ഈ പട്ടികയില്‍ അഞ്ചാമത്തെ രാജ്യമായാണ് ഇന്ത്യയുടെ കടന്നു വരവ്. വിവിധ പൈതൃക പാതകളില്‍ 35 ഹൈഡ്രജന്‍ തീവണ്ടികള്‍ ഓടിക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്