വാഷിങ്ടൺ: കൂടെ താമസിക്കുന്നയാളുമായുള്ള സംഘർഷത്തിനിടെ ഇന്ത്യൻ ടെക്കിയെ വെടി വച്ചു കൊന്ന് യുഎസ് പോലീസ്. ഹൈദരാബാദ് സ്വദേശി മുഹമ്മദ് നിസാമുദ്ദീൻ (32) ആണ് അമേരിക്കയിലെ സാന്താക്ലാര പോലീസിന്റെ വെടിയേറ്റ് മരിച്ചത്. സെപ്റ്റംബർ 3 നാണ് കേസിനാസ്പദമായ സംഭവം. നിസാമുദ്ദീനും ഒപ്പം താമസിക്കുന്നയാളും തമ്മിൽ വാക്കേറ്റമുണ്ടാകുകയും തർക്കത്തിനിടയ്ക്ക് നിസാമുദ്ദീൻ അയാളെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്. അടിയന്തിര സഹായം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് നിസാമുദ്ദീന് നേരെ 4 തവണ വെടിവച്ചെന്നാണ് റിപ്പോർട്ട്. ഇയാളെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
കാലിഫോർണിയയിലെ സാന്താക്ലാരയിലെ ഒരു ഐടി കമ്പനിയിലെ ജോലിക്കാരനാണ് നിസാമുദ്ദീൻ. കഴിഞ്ഞ ദിവസമാണ് നിസാമുദ്ദീൻ കൊല്ലപ്പെട്ട കാര്യം കുടുംബം ഒരു സുഹൃത്ത് വഴി അറിയുന്നത്. 2016 ൽ സ്റ്റുഡൻ്റ് വിസയിലാണ് നിസാമുദ്ദീൻ അമേരിക്കയിലെത്തുന്നത്. പഠന ശേഷം ജോലി നേടി രാജ്യത്ത് തന്നെ തുടരുകയായിരുന്നു.
അതേസമയം നിസാമുദ്ദീന് വംശീയാധിക്ഷേപങ്ങളും ജോലിയിൽ നിന്ന് അന്യായമായ പിരിച്ചുവിടലും നേരിടേണ്ടി വന്നതായി കുടുംബം ആരോപിക്കുന്നുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടു വരണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്. മരണം സംഭവിച്ച് രണ്ടാഴ്ച കഴിഞ്ഞതിന് ശേഷമാണ് കുടുംബം മരണവിവരം അറിയുന്നത്. മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശമാന്താലയത്തിൻ്റെ സഹായം കുടുംബം തേടിയിട്ടുണ്ട്.