Saturday , October 4 2025, 4:48 am

ഏഷ്യാകപ്പില്‍ മുത്തമിട്ട് ഇന്ത്യ; കിരീടമില്ലാതെ ആഘോഷം

സര്‍പ്രൈസുകളും ആവേശവും നിറഞ്ഞ ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പിച്ച് ഇന്ത്യ ജേതാക്കള്‍. ഇത് 9ാം തവണയാണ് ഇന്ത്യ ഏഷ്യാക്കപ്പ് ജേതാക്കളാകുന്നത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയ ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ 19.4 ഓവറില്‍ ഇന്ത്യ മറികടന്നു. അവസാന പന്തില്‍ ബൗണ്ടറി അടിച്ച് 150 റണ്‍സെടുത്താണ് ഇന്ത്യന്‍ താരങ്ങള്‍ ജയിച്ചു കയറിയത്.

അതേസമയം ഇന്ത്യന്‍ താരങ്ങള്‍ വിജയമാഘോഷിച്ചത് കപ്പില്ലാതെയാണ്. പിസിബി ചെയര്‍മാന്‍ കൂടിയായ എസിസി പ്രസിഡന്റ് മുഹസിന്‍ നഖ്‌വിയായിരുന്നു വിജയികള്‍ക്കുള്ള ട്രോഫ് സമ്മാനിക്കേണ്ടിയിരുന്നത്. എന്നാല്‍ പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി കൂടിയായ നഖ്‌വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യന്‍ താരങ്ങള്‍ നേരത്തേ അറിയിച്ചിരുന്നു. പകരം ട്രോഫി മറ്റൊരാള്‍ സമ്മാനിക്കണമെന്നായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ആവശ്യം. എന്നാല്‍ ഇത് പരിഗണിക്കപ്പെടാതെ വന്നതോടെ ട്രോഫി വാങ്ങാതെ വ്യക്തിഗത മെഡലുകള്‍ മാത്രം വാങ്ങി ഇന്ത്യന്‍ താരങ്ങള്‍ വിജയമാഘോഷിച്ചു.

കിരീടം തിരികെ ലഭിക്കാന്‍ എസിസിക്ക് പരാതി നല്‍കാനാണ് ബിസിസിഐയുടെ തീരുമാനം. അര്‍ധ സെഞ്ചറി നേടിയ തിലക് വര്‍മയാണ് (53 പന്തില്‍ 69) മത്സരത്തിലെ താരം. അഭിഷേക് വര്‍മ ടൂര്‍ണമെന്റിലെ താരമായി. ഇന്ത്യയുടെ തുടക്കം പിഴച്ചെങ്കിലും സഞ്ജു സാംസണും തിലക് വര്‍മയും ചേര്‍ന്ന് നടത്തിയ പ്രതിരോധമാണ് വലിയ തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ കരകയറ്റിയത്. അതേസമയം ഏഷ്യാകപ്പിന്റെ സമ്മാനത്തുക ഇന്ത്യന്‍ സൈന്യത്തിന് സമ്മാനിക്കുന്നതായി ഇന്ത്യന്‍ ടീം പറഞ്ഞു.

Comments