കൊച്ചി: ഗാന്ധി പ്രതിമയെ അവഹേളിച്ചെന്ന കേസിൽ നിയമനടപടി നേരിടുന്ന വിദ്യാർത്ഥിക്കെതിരായ കേസും മറ്റ് നിയമ നടപടികളും ഹൈക്കോടതി റദ്ദാക്കി. ആലുവ ചൂണ്ടി ഭാരത്മാത സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ 2023 ഡിസംബർ 21 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോളേജിൽ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ കുറ്റാരോപിതൻ ഗാന്ധി പ്രതിമയ്ക്ക് കൂളിംഗ് ഗ്ലാസും റീത്തും ചാർത്തി അപമാനിച്ചു എന്നാണ് കേസ്. ഗാന്ധിജി മരിച്ചുപോയി എന്ന് വിദ്യാർത്ഥി വിളിച്ചു പറയുകയും ചെയ്തിരുന്നു. ഇത് വിദ്യാർത്ഥികളുടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. വിദ്യാർത്ഥിയുടെ പ്രവൃത്തി അധാർമ്മികമാണ്. പക്ഷേ നിയമവിരുദ്ധമല്ലെന്ന് കോടതി നിരീക്ഷിച്ചു. ദേശീയ നേതാക്കളുടെ പ്രതിമയേയും ചിത്രങ്ങളേയും അവഹേളിക്കുന്നത് 1971-ലെ ദേശീയ ചിഹ്നങ്ങളെ അപമാനിക്കൽ തടയൽ നിയമത്തിൽ പോലും കുറ്റകരമായി വ്യവസ്ഥ ചെയ്തിട്ടില്ലെന്ന് കോടതി വിലയിരുത്തി. ജസ്റ്റിസ് വി.ജി. അരുൺ ആണ് കേസ് പരിഗണിച്ചത്. കേസിലെ അന്തിമ റിപ്പോർട്ടും ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ തുടർ നടപടികളുമാണ് ഹൈക്കോടതി റദാക്കിയത്.
സംഭവത്തെ തുടർന്ന് വിദ്യാർത്ഥിയെ സ്കൂൾ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയാണ് ഹൈക്കോടതിയെ സമീപിച്ചത്.