തൃശൂര്‍: പാലിയേക്കരയിലെ ടോള്‍ പിരിവിന് ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി വീണ്ടും നീട്ടി. ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചെങ്കിലും ഇടക്കാല ഗതാഗത മാനേജ്‌മെന്റ് സമിതി (ഇന്ററിം ട്രാഫിക് മാനേജ്‌മെന്റ് കമ്മിറ്റി) ഇക്കാര്യം അറിയിച്ചാല്‍ മാത്രമേ പരിഗണിക്കൂ എന്നാണ് ഹൈക്കോടതി നിലപാടെടുത്തത്. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരടങ്ങിയ ബെഞ്ചാസ് കേസ് പരിഗണിച്ചത്. ജില്ല കലക്ടറാണ് ഇടക്കാല ഗതാഗത മാനേജ്‌മെന്റ് സമിതിയുടെ അധ്യക്ഷന്‍.
ഗതാഗത പ്രശ്‌നങ്ങള്‍ ഭാഗികമായി പരിഹരിച്ചുവെന്ന് തൃശൂര്‍ ജില്ല കലക്ടര്‍ ഇന്നലെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസ് പരിഗണിച്ചപ്പോള്‍ പേരാമ്പ്ര- എറണാകുളം റൂട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും ഇവ ശരിയാക്കി വരികയാണെന്നും കലക്ടര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിച്ചതായുള്ള ദേശീയ പാത അതോറിറ്റിയുടെ റിപ്പോര്‍ട്ടിലെ അവകാശ വാദങ്ങള്‍ കലക്ടറുടെ റിപ്പോര്‍ട്ടില്‍ ഇല്ലല്ലോ എന്ന് കോടതി ചോദിച്ചിരുന്നു. ഇക്കാര്യങ്ങള്‍ കലക്ടറുടെ മുന്‍പാകെ വച്ച് പരിശോധിക്കാനും കലക്ടറുടെ അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
ദേശീയ പാതയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം ഗതാഗത തടസ്സമുണ്ടാകുന്നത് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം ആറിനാണ് ഹോക്കോടതി ടോള്‍ പിരിവിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്.