Saturday , October 4 2025, 10:16 am

‘വിഭജന ഭീതി ദിനം’: ഗവര്‍ണറുടെ സര്‍ക്കുലറിനെ തള്ളി ഉന്നതവിദ്യഭ്യാസ വകുപ്പ്; പരിപാടികള്‍ ഒഴിവാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ വിഭജന ഭീതി ദിനാചരണം പാടില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. പരിപാടി സാമുദായിക സൗഹാര്‍ദം തര്‍ക്കുന്നതിനും സാമുദായിക സ്പര്‍ധ വളര്‍ത്തുന്നതിനും കാരണമാകുമെന്ന് വകുപ്പ് ഇമെയില്‍ വഴി വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് മുഴുവന്‍ കോളേജുകള്‍ക്കും അടിയന്തിരമായി അറിയിപ്പ് നല്‍കണമെന്ന് സര്‍വ്വകലാശാല ഡീന്‍ നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസമാണ് ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് കാണിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനെതിരെ അതൃപ്തി പ്രകടിപ്പിച്ച സര്‍ക്കാര്‍ തന്നെ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഉന്നത വിദ്യഭ്യാസ വകുപ്പ് തന്നെ രംഗത്തു വന്നിരിക്കുന്നത്.

അതേസമയം വിഭജന ഭീതി ദിനം എവിടെ നടത്തിയാലും തടയുമെന്ന നിലപാടിലാണ് എസ്എഫ്‌ഐ. പരിപാടി നടന്നാല്‍ തടയണമെന്ന് എല്ലാ കോളജ് യൂണിറ്റ് കമ്മിറ്റികള്‍ക്കും നിര്‍ദേശം നല്‍കിയെന്ന് സംസ്ഥാന സെക്രട്ടറി പി സഞ്ജീവ് പറഞ്ഞു. കേരള സര്‍വകലാശാലയില്‍ വിഭജന ഭീതി ദിനവുമായി ബന്ധപ്പെട്ട് പരിപാടികള്‍ നടത്താന്‍ വി.സി ആലോചിക്കുന്നുണ്ടെങ്കില്‍ തടയുമെന്നും സഞ്ജീവ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ വിഭജന ഭീതി ദിനം പുലര്‍ച്ചെ 12.30 ഓടെ ആചരിച്ചു. എബിവിപിയുടെ നേതൃത്വത്തിലാണ് സര്‍വകലാശാലയില്‍ പരിപാടി സംഘടിപ്പിച്ചത്. സര്‍വ്വകലാശാലയില്‍ ഇന്ന് മുഴുവന്‍ വിഭജന ഭീതി ദിനമായി ആചരിക്കാനാണ് സംഘടനയുടെ തീരുമാനം.

 

Comments