തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്ര ന്യുനമര്‍ദമായി ശക്തി പ്രാപിച്ചതോടെയാണ് മുന്നറിയിപ്പ്.
അടുത്ത അഞ്ച് ദിവസം പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമായി തുടരാനാണ് സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട അതിതീവ്ര മഴക്കും മെയ് 31 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം രാവിലെ 10 മണിക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ഈ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതിനിടെ, നദികളിലെ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് പ്രളയ സാധ്യതാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ മണിമല നദിയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, വയനാട് ജില്ലയിലെ കബനി എന്നീ നദികളില്‍ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.