തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശശി തരൂര്‍ എംപിയുടെ ഫണ്ടുപയോഗിച്ച് വാങ്ങിയ ഉപകരണം കാണാനില്ലെന്ന് ആരോഗ്യമന്ത്രി. 20 ലക്ഷം രൂപ വിലവരുന്ന ഓസിലോസ്‌കോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണത്തിന്റെ ഭാഗം കാണാനില്ലെന്നും ഇത് വകുപ്പുതല അന്വേഷണത്തില്‍ മാത്രം ഒതുങ്ങില്ലെന്നും മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഡോക്ടറെ മോഷണക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് അന്വേഷണമെന്ന പേരില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍ പറഞ്ഞു. സത്യം പറഞ്ഞ ഡോക്ടറെ ക്രൂശിക്കുകയാണ്. ആരോഗ്യമന്ത്രിക്ക് പറഞ്ഞ വാക്കിന് വിലയില്ലെന്നും വാക്കു പാലിക്കുന്നില്ലെന്നും സതീഷന്‍ കൂട്ടിച്ചേര്‍ത്തു.
‘ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണമില്ലെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തിയ ഹാരിസ് ചിറക്കലിനോട് വിശദീകരണം തേടി എന്നത് സ്വാഭാവിക നടപടിയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടലംഘനം ഉണ്ടായി എന്നുള്ള കണ്ടെത്തലുമായി ബന്ധപ്പെട്ട സ്വാഭാവിക നടപടിക്രമം മാത്രമാണ്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റു ചില കാര്യങ്ങള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. എംപിയുടെ ഫണ്ടില്‍ നിന്ന് വാങ്ങിയ ഉപകരണത്തിന്റെ ഒരു ഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തി. ഇതിന് മുന്‍പ് ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല’ എന്നായിരുന്നു ആരോഗ്യമന്ത്രി പറഞ്ഞത്. നാലംഗ സമിതിയുടെ റിപ്പോര്‍ട്ടിനെ പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.