തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് രണ്ടു മരണംകൂടി സ്ഥിരീകരിച്ചു. ഈമാസം 11-ാം തീയതി നടന്ന മരണങ്ങളാണ് അമീബിക് രോഗബാധ മൂലമാണെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ 52 കാരിയും കൊല്ലത്ത് 91 കാരനുമാണ് മരണപ്പെട്ടത്. ഇതോടെ രോഗബാധ മൂലം ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 19 ആയി.
സംസ്ഥാനത്ത് ഇതുവരെ 62 പേര്‍ക്ക് രോഗബാധ ഉണ്ടായെന്നാണ് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. ഇന്നലെ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നീന്തല്‍ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനാരോഗ്യ നിയപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. പൊതു, സ്വകാര്യ മേഖലകളിലുള്ള എല്ലാ നീന്തല്‍ കുളങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്.