കൊച്ചി: വര്‍ധിച്ചു വരുന്ന തെരുവുനായ ആക്രമണത്തിലും പേവിഷ ബാധ മരണങ്ങളിലും അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. നിരവധിപ്പേര്‍ക്കാണ് തെരുവുനായ ആക്രമണമേല്‍ക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ച കോടതി സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ വിഷയത്തില്‍ വേണമെന്നും ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള ഹരജികള്‍ പരിഗണിക്കവേയാണ് കോടതി രൂക്ഷമായ രീതിയില്‍ പ്രതികരിച്ചത്.
പ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടായേ തീരൂ, കുട്ടികള്‍ ഉള്‍പ്പെടെയാണ് ആക്രമണത്തിനിരയാകുന്നതെന്നും കോടതി ഓര്‍മിപ്പിച്ചു. ജസ്റ്റിസ് സി.എസ് ഡയസ് ആണ് കേസ് പരിഗണിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് 9000ത്തിലധികം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ട തീരുമാനം എന്തായെന്നും കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ നേരത്തേയും കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കും. വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് അപ്പോള്‍ വ്യക്തമാക്കേണ്ടി വരും.